അഗളി : കോവിഡ് ടെസ്റ്റ് ചെയ്യാത്ത ഇക്ബാൽ കോവിഡ് പോസിറ്റീവാണെന്ന് സർക്കാർ. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടത്തറ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഇക്ബാലിനാണ് കോവിഡ് പരിശോധന നടത്താതെ പോസിറ്റീവാണെന്ന് സന്ദേശം ലഭിച്ചത്.
പാലക്കാട് കോവിഡ് സെല്ലിൽനിന്നു വിളിവന്നപ്പോൾ ആരോ കളിയാക്കുകയാണെന്നാണ് കരുതിയത്. പിറകെ പ്രദേശത്തെ ആരോഗ്യപ്രവർത്തകരും വിളിച്ചതോടെ പന്തികേട് മണത്തു.
തന്റെ പേരും ഫോൺ നമ്പറും നൽകി ആരെങ്കിലും കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ സംശയം. യഥാർഥത്തിൽ കോവിഡ് ബാധിതനായ ആൾ സമൂഹത്തിൽ ഇറങ്ങി നടന്ന് രോഗം പരത്തുന്നുണ്ടാകുമെന്ന ആശങ്കയും ഇദ്ദേഹം പങ്കുവെക്കുന്നു.
കോവിഡ് പരിശോധനയ്ക്ക് എത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ വാങ്ങുകയാണെങ്കിൽ ഇത്തരം ചതി ഒഴിവാക്കാമെന്നാണ് പൊതുപ്രവർത്തകൻ കൂടിയായ ഇക്ബാലിന്റെ അഭിപ്രായം.