ന്യൂഡല്‍ഹി: പ്രതിദിനം 10 ലക്ഷം പേരില്‍ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍. 12 സംസ്ഥാനങ്ങളാണ് ഈ കണക്കില്‍ മുന്നിലെത്തിയത്. അതില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്.
രാജ്യത്ത് പ്രതിദിനം 10 ലക്ഷം പേരില്‍ 844 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്. കേരളത്തില്‍ ഇത് 3258 ആണ്. കേരളത്തിന് പുറമേ ഡല്‍ഹി-3,225, കര്‍ണാടക-1550 എന്നിവരും മുന്‍പന്തിയിലുണ്ട്. പത്ത് ലക്ഷം പേരില്‍ 140 ആളുകളെ പരിശോധിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഇതിനേക്കാള്‍ കൂടുതല്‍ പരിശോധന നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആന്ധ്രപ്രദേശ് (1,418), ബീഹാര്‍ (1093), ഒഡീഷ (1,072), ഗോവ(1,058), ഝാര്‍ഖണ്ഡ്(994), ജമ്മുകശ്മീര്‍(984), തെലങ്കാന(947), തമിഴ്നാട്(936), ഹരിയാന(863) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ടെസ്റ്റ് ചെയ്യുന്ന നിരക്ക്. ഇന്ത്യയില്‍ ഇതുവരെ 10,87,96,064 കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.