എറണാകുളം : കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 2375 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4743 കിടക്കകളില്‍ 2368 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്ററുകളിലായി 1982 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 672 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 51 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1310 കിടക്കകള്‍ ഒഴിവുണ്ട്.
ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 19 പേര്‍ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 11 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 947 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 513 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 434 കിടക്കകള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്.
ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 12 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 626 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 443 പേര്‍ ചികിത്സയിലാണ്. ഓക്സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ 183 കിടക്കകള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്.
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 14 സര്‍ക്കാര്‍ ആശുപത്രികളിലായി 1134 കിടക്കകള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 721 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 413 കിടക്കകളും ലഭ്യമാണ്.