റാന്നി : വെച്ചൂച്ചിറ പഞ്ചായത്തിലെ അച്ചടിപ്പാറയില്‍ നടന്ന മെഗാ ക്യാമ്പില്‍ വയോധികന് രണ്ടു ഡോസ് വാക്സീന്‍ എടുത്തെന്ന ആരോപണത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തെളിവെടുപ്പ് നടത്തി. കുന്നം വാഹമുക്ക് അച്ചടിപ്പാറയില്‍ നിരവത്ത് എന്‍.കെ വിജയന്‍(58) ആണ് രണ്ടുഡോസ് വാക്സീന്‍ ഇടവേളകളില്ലാതെ കുത്തിവെച്ചതായി ആരോപിച്ചത്.
വെച്ചൂച്ചിറ സി.എച്ച്.സിയിലെ ഡോക്ടര്‍ ആശിഷ് പണിക്കരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ലെന്‍സുപയോഗിച്ചുള്ള പരിശോധനയില്‍ രണ്ടു തവണ കുത്തിവെപ്പെടുത്ത പാടുകള്‍ കണ്ടെത്തി. എന്നാല്‍ അധിക ഡോസ് ശരീരത്തിലെത്തിയിട്ടില്ലെന്ന നിലപാടാലാണ് അധികൃതര്‍ക്ക്. ആദ്യ ഡോസ് എടുത്തെന്നറിഞ്ഞപ്പോള്‍ തന്നെ സിറിഞ്ചില്‍ നിറച്ച അധിക ഡോസ് നശിപ്പിച്ചതായും വേസ്റ്റ്ബിന്നില്‍ നിക്ഷേപിച്ചതായും അവര്‍ അവകാശപ്പെട്ടു.
കുത്തിവെപ്പടുത്ത രണ്ടു പാടുകള്‍ കണ്ടെത്തിയതോടെ വെച്ചൂച്ചിറ ആശുപത്രിയില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെത്തി വിശദപരിശോധന നടത്തി. പിന്നീട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധികളും സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.എന്നാല്‍ തെളിവെടുപ്പില്‍ ജീവനക്കാര്‍ക്കനുകൂലമായ നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്നും വീട്ടുകാരുടെ മൊഴി കൃത്യമായി സ്വീകരിച്ചില്ലെന്നും വീട്ടുകാര്‍ ആക്ഷേപമുന്നയിച്ചു. ആദ്യദിനം സംഭവം പാടെ നിഷേധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടു കുത്തിവെപ്പെടുത്ത പാടുകള്‍ തിരിച്ചടിയാകുവാനാണ് സാധ്യത. സംഭവത്തില്‍ പരാതിയുമായി മുന്നോട്ടു പോകാനാണ് വീട്ടുകാരുടെ തീരുമാനം.