പത്തനംതിട്ട : ജില്ലയില്‍ 63 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 15 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍തല വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുളളത്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സ്പോട്ട് രജിസ്ട്രേഷന്‍
60 വയസിന് മുകളിലുളളവര്‍ക്കും 45 മുതല്‍ 59 വയസ് വരെയുളള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുളളവര്‍ക്കും സ്പോട്ട് രജിസ്ട്രേഷന്‍ അഥവാ ആശാ പ്രവര്‍ത്തകര്‍ മുഖേന വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യുന്ന രീതി, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എന്നിവ എവിടെയൊക്കെയാണ് ലഭ്യമാകുക എന്നതിനെകുറിച്ച് വ്യക്തതയുണ്ടെങ്കില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയും.
പത്തനംതിട്ട ജനറല്‍ ആശുപത്രി, മല്ലപ്പളളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരോ ദിവസവും അനുവദിച്ചിട്ടുളള എണ്ണത്തില്‍ 80 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 20 ശതമാനം സ്പോട്ട് രജിസ് ട്രേഷനുമാണ് നടത്താന്‍ കഴിയുന്നത്. മറ്റ് പ്രധാന ആശുപത്രികളായ കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി, കോന്നി, തിരുവല്ല താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 100 ശതമാനം ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനാണുളളത്. ഇവിടങ്ങളില്‍ നേരിട്ടുവന്ന് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല.
മറ്റ് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളായ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും സ്പോട്ട് രജിസ് ട്രേഷനാണ് നിര്‍ദ്ദേശിച്ചിട്ടുളളത്. ഇവിടങ്ങളിലേക്ക് ഓണ്‍ലൈന്‍ രജിസ് ട്രേഷന്‍ ചെയ്യരുത്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആശാ പ്രവര്‍ത്തകര്‍ മുഖേന വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി രജിസ്റ്റര്‍ ചെയ്യാം.
ജനറല്‍ ആശുപത്രികളിലും, ജില്ലാ ആശുപത്രിയിലും, താലൂക്ക് ആശുപത്രികളിലും 250 പേര്‍ക്ക് വീതവും സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 150 ഉം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 100 പേര്‍ക്ക് വീതവും ദിവസേന കുത്തിവയ്പ് നല്‍കും. സ്വകാര്യ ആശുപത്രികളില്‍ 100 ശതമാനവും ഓണ്‍ലൈന്‍ രജിസ്ട്രേഷനാണ് നിര്‍ദ്ദേശിച്ചിട്ടുളളത്. ജില്ലയില്‍ താഴെ പറയുന്ന സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷന്‍ നടക്കുന്നുണ്ട്.
ബിലീവേഴസ് ചര്‍ച്ച മെഡിക്കല്‍ കോളജ് തിരുവല്ല, പുഷ്പഗിരി മെഡിക്കല്‍ കോളജ് തിരുവല്ല, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ അടൂര്‍, മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ തിരുവല്ല, മുത്തൂറ്റ് ഹോസ്പിറ്റല്‍ പത്തനംതിട്ട, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കുളനട, ഹോളിക്രോസ് ഹോസ്പിറ്റല്‍ അടൂര്‍, സി.എം ഹോസ്പിറ്റല്‍ പന്തളം, സെന്റ് തോമസ് ഹോസ്പിറ്റല്‍ മാലക്കര, മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് ചായലോഡ്, ചിത്രാ ഹോസ്പിറ്റല്‍ പന്തളം, എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ പന്തളം, പൊയ്യാനില്‍ ഹോസ്പിറ്റല്‍ കോഴഞ്ചേരി, സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ പരുമല, മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ കോഴഞ്ചേരി.
ജില്ലയിലെ കോവിഡ് വാകസിനേഷന്‍ പ്രോഗ്രാമിന്റെ പുരോഗതി വിലയിരുത്തുന്നതിനായി എ.ഡി.എം ഇ.മുഹമ്മദ് സഫീറിന്റെ അധ്യക്ഷതയില്‍ ജില്ലാതല ടാസ്‌ക്ഫോഴ്സ് മീറ്റിംഗ് കൂടി. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. സംശയ നിവാരണത്തിന വിളിക്കേണ്ട നമ്പര്‍ : 0468 2228220, 2222515.