കൊച്ചി : മുതിര്‍ന്ന പൗരന്‍മാരുള്‍പ്പെടെയാണു രണ്ടാം ഡോസ് എടുക്കേണ്ട സമയത്തു വാക്സീന്‍ ക്ഷാമത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നത്. രണ്ടാം ഡോസ് വൈകിയാല്‍ ആദ്യ ഡോസ് എടുത്തതിന്റെ ഗുണം ഇല്ലാതാകുമെന്ന പ്രചാരണങ്ങളും ആശങ്കയാണു സമ്മാനിക്കുന്നത്.
എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണു വാക്സീനുകളെപ്പറ്റി പഠനം നടത്തിയിട്ടുള്ള വിദഗ്ധര്‍ ആവര്‍ത്തിക്കുന്നത്. ആദ്യ ഡോസ് എടുത്ത ശേഷം ബൂസ്റ്റര്‍ ഡോസായ രണ്ടാം ഡോസിനുള്ള ഇടവേള അല്‍പം നീണ്ടാലും പ്രശ്നവുമുണ്ടാകില്ലെന്നു മാത്രമല്ല, വൈകുന്തോറും പ്രതിരോധശേഷിയില്‍ കാര്യമായ വര്‍ധനയുമുണ്ടാകുന്നു എന്നു വിദേശത്തു നടത്തിയ പഠനങ്ങളില്‍ നിന്നു വ്യക്തമാകുന്നുവെന്നും ഇവര്‍ പറയുന്നു.
വാക്സീനുകള്‍ പുറത്തിറക്കുന്ന വേളയില്‍ നിശ്ചയിക്കുന്ന ഇടവേള ഡിസൈന്‍ പ്രകാരമുള്ളതു മാത്രമാണ്. എന്നാല്‍, കാര്യക്ഷമത, പ്രതിരോധശേഷി എന്നിവയെപ്പറ്റിയുള്ള തുടര്‍പഠനങ്ങള്‍ നടക്കുന്നതു വാക്സീന്‍ വിപണിയിലെത്തിയ ശേഷമാണ്. അതിനാല്‍ ആദ്യം നിര്‍ണയിച്ച ഇടവേളയില്‍ മാറ്റങ്ങളുണ്ടാവുന്നതു സാധാരണയാണ്.