കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളില്‍ നിന്ന് വിതരണം ചെയ്ത 91,805 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ഹെല്‍ത്ത് പ്ലാറ്റ്ഫോം വഴി സമര്‍പ്പിക്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളാണ് കര്‍ശന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുന്നത്. ഇതുവരെ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ 87.6 ശതമാനവും പരിശോധിച്ച് കഴിഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു.
പ്രത്യേക സാങ്കേതിക സംഘമാണ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്. 1,65,145 സര്‍ട്ടിഫിക്കറ്റുകളാണ് ഇതുവരെ അംഗീകാരത്തിനായി സമര്‍പ്പിക്കുപ്പെട്ടിട്ടുള്ളത്. ഇവയില്‍ 1,44,768 എണ്ണവും പരിശോധിച്ച് കഴിഞ്ഞു. 91,805 പേരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയപ്പോള്‍ 52,963 എണ്ണത്തിന് അംഗീകാരം നിഷേധിച്ചു. വാക്സിനുകളുടെ അംഗീകാരത്തിന് പുറമെ രണ്ട് ഡോസും സ്വീകരിച്ചതിന്റെ രേഖകളില്ലാതിരിക്കുക, സര്‍ട്ടിഫിക്കറ്റുകളില്‍ ക്യു.ആര്‍ കോഡുകള്‍ ഇല്ലാതിരിക്കുകയോ അവ പരിശോധിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുക തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് അംഗീകാരം നിഷേധിക്കുന്നത്.
ആയിരക്കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ ഓരോ ദിവസവും സൂക്ഷ്‍മമായി പരിശോധിച്ച് അംഗീകാരം നല്‍കുകയോ തള്ളുകയോ ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകളും കൃത്രിമത്വങ്ങളും രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നതിനാല്‍ അതീവ ശ്രദ്ധയോടെയും കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് പരിശോധന നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.