ന്യൂഡല്‍ഹി : ഡിസംബറോടു കൂടി ഇന്ത്യക്ക് 100 ദശലക്ഷം ഡോസ് ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് സിറം ഡയറക്ടര്‍ അദര്‍ പൂനവാല. അസ്ട്ര സെനേക കൊവിഡ് 19 വാക്‌സിന്‍ നിര്‍മ്മാണം വലിയ രീതിയില്‍ ആരംഭിച്ചെന്നും ഡിസംബറില്‍ ഇന്ത്യയില്‍ വിതരണത്തിന് തയാറാകുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. അന്തിമഘട്ട വാക്‌സിന്‍ പരീക്ഷണം വിജയമാണെങ്കില്‍ സിറം നിര്‍മ്മാണ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സിറമാണ് നിര്‍മാണ പങ്കാളികള്‍. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അടിയന്തരമായി അനുമതി ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ 50:50 എന്നതരത്തിലായിരിക്കും വിതരണം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വാങ്ങുന്നതിനായി ലോകാരോഗ്യ സംഘടനയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് വാക്‌സിന്‍ നിര്‍മാതാക്കളുമായാണ് സിറം സഹകരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി അസ്ട്ര സെനക വാക്‌സിന്‍ 40 ദശലക്ഷം ഡോസ് വികസിപ്പിച്ചെന്നും നൊവാവാക്‌സ് നിര്‍മാണമാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലും എമര്‍ജെന്‍സി ലൈസന്‍സിന് അനുമതി തേടിയിട്ടുണ്ടെന്നും അസ്ട്ര സെനക സിഇഒ പാസ്‌കല്‍ സോറിയോട്ട് പറഞ്ഞിരുന്നു. അതേസമയം അന്തിമ പരീക്ഷണത്തിന് ശേഷം ഫലം ലഭിച്ചതായി ഇതുവരെ ഇവര്‍ വ്യക്തമാക്കിയിട്ടില്ല.