ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തര അനുമതി നൽകാനിരിക്കെ നാല് സംസ്ഥാനങ്ങളിൽ ഇന്ന് കൊവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റൺ നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്.
വാക്‌സിൻ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ടതും കുത്തിവെപ്പ് സംബന്ധിച്ച് ക്രമീകരണങ്ങൾ, വാക്‌സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തിൽ പരിശോധനക്ക് വിധേയമാകും. വാക്‌സിനേഷനായി പുറത്തിറക്കിയ മാർഗരേഖ ഫലപ്രദമാണോ എന്ന് കണ്ടെത്താൻ ഡ്രൈ റൺ പ്രക്രിയ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും.