ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍റെ ആദ്യ ബാച്ച് ഡിസംബര്‍ അവസാനത്തോടെ ഡല്‍ഹിയില്‍ എത്തിക്കും. ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സജ്ജമാക്കി.
ഡല്‍ഹി വിമാനത്താവളത്തില്‍ 27 ലക്ഷം വാക്‌സിനുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് ഡല്‍ഹി വിമാനത്താവള സിഇഒ വൈദേഹ് ജയ്പുരിയാര്‍ പറഞ്ഞു. ഡിസംബര്‍ 28ഓടെ വാക്സിന്‍ ഡല്‍ഹിയിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. വാക്സിന്‍ വിതരണം ആദ്യം ഡല്‍ഹിയിലാണോ നടത്തുന്നത് എന്നത് സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കുമെന്നാണ് സൂചന.
വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതും ആരംഭിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് മൂന്ന് ഡോക്ടര്‍മാരെ വാക്‌സിനേറ്റിങ്ങ് ഓഫീസര്‍മാരായി തെരഞ്ഞെടുത്തു. ലോക്‌നായക്, കസ്തൂര്‍ബ, ജിടിബി ആശുപത്രികള്‍, ബാബാസാഹേബ് അംബേദ്കര്‍ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും വാക്‌സിന്‍ സംഭരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.