തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യമായി വാക്‌സിന്‍ വാഗ്ദാനം ചെയ്യുന്നത് തെറ്റാണെന്നും പറഞ്ഞത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്. ഇതുസംബന്ധിച്ച യെച്ചൂരിയുടെ ട്വീറ്റും വിഷ്ണുനാഥ് പങ്കുവെച്ചു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്തു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പെരുമാറ്റച്ചട്ടത്തിന്റെ നാണംകെട്ട ലംഘനമാണ് അതെന്നും ഒക്ടോബര്‍ 22നാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ വാഗ്ദാനം നടത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വമേധയാ നടപടിയെടുക്കാന്‍ വിസമ്മതിക്കുകയാണെന്നും യച്ചൂരി അന്ന് കുറ്റപ്പെടുത്തിയിരുന്നു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെങ്കില്‍ ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോള്‍ അത്തരം ശ്രമം നടത്തുന്നത്. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത് അധാര്‍മികവും പെരുമാറ്റച്ചട്ട ലംഘനവുമാണ്.
നിര്‍മല സീതാരാമന്‍ ചെയ്താലും പിണറായി വിജയന്‍ ചെയ്താലും അത് തെറ്റാണെന്നാണ് യുഡിഎഫ് പറയുന്നത്. ഇക്കാര്യം സീതാറാം യെച്ചൂരി പറയുമ്പോള്‍ ശരിയും യുഡിഎഫ് ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റുമാവുന്നതെങ്ങനെയെന്നും വിഷ്ണുനാഥ് ചോദിച്ചു. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണം എന്നു തന്നെയാണ് യുപിഎയുടെയും യുഡിഎഫിന്റെയും നിലപാടെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.