ന്യൂഡല്‍ഹി : ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊവിഡ് 19 മഹാമാരിക്ക് മരുന്ന് കണ്ടുപിടിച്ചെന്ന് പതഞ്‌ജലി ആയുര്‍വേദ ലിമിറ്റഡിന്റെ അവകാശവാദം. അഞ്ച് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗം ഭേദമാക്കുന്ന ആയുര്‍വേദ മരുന്നാണ് തങ്ങള്‍ കണ്ടെത്തിയതെന്നാണ് പതഞ്‌ജലി സി ഇഒ ആചാര്യ ബാലകൃഷ്ണ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. നൂറുകണക്കിന് രോഗികളില്‍ പരീക്ഷിച്ച മരുന്ന് വിജയകരമാണ് എന്നാണ് പതഞ്‌ജലി അവകാശപ്പെടുന്നത്. എന്നാല്‍ ഈ പരീക്ഷണങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നോ എന്നതും പ്രത്യേകിച്ച് ഇത് മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് ആര് അനുവാദം നല്‍കിയെന്നതും ഏറെ ഗൌരവത്തോടെ അന്വേഷണ വിധേയമാക്കേണ്ട കാര്യമാണ്.
പതഞ്‌ജലി സി ഇഒ ആചാര്യ ബാലകൃഷ്ണയുടെ അവകാശവാദങ്ങള്‍ ഇങ്ങനെയാണ്
“കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ ഞങ്ങള്‍ ഒരു സംഘം ശാസ്ത്രജ്ഞരെ ഗവേഷണത്തിനായി നിയമിച്ചിരുന്നു. വൈറസ് ശരീരത്തില്‍ വ്യാപിക്കുന്നത് തടയുന്ന മിശ്രിതം കണ്ടെത്തുക എന്നതായിരുന്നു ആദ്യപടിയായി ചെയ്തത്. അതിന് ശേഷം ഈ മിശ്രിതം നൂറിലേറെ കൊവിഡ് രോഗികളില്‍ പരീക്ഷിച്ചു. പരീക്ഷണം 100 ശതമാനം വിജയിച്ചു എന്ന് വേണം പറയാന്‍,” ബാലകൃഷ്ണ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡിനുള്ള ചികിത്സ ആയുര്‍വേദത്തിലൂടെ സാധ്യമാകുമെന്നാണ് പതഞ്‌ജലി സിഇഒ അവകാശപ്പെടുന്നത്. മരുന്നിന്റെ പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോഴും. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിന് തെളിവ് ഹാജരാക്കുമെന്നും ബാലകൃഷ്ണ പറഞ്ഞു. യോഗാചാര്യന്‍ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പതഞ്‌ജലി.
കൊവിഡ് വാക്സിനുകളുടെ ഗവേഷണത്തില്‍ ലോക രാജ്യങ്ങളെല്ലാം തന്നെ പങ്കാളികളാണ്. നൂറുകണക്കിന് കൊവിഡ് വാക്സിനുകളാണ് ഇപ്പോള്‍ വികസനത്തിന്റെ പല ഘട്ടങ്ങളിലായുള്ളത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.