തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനുകള്‍ക്ക് ക്ഷാമം രൂക്ഷമാകുന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. ഇവിടെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. തിരുവനന്തപുരത്തെ കൊവിഡ് വാക്സിന്റെ റീജിയണല്‍ സ്റ്റോറില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. ഇരുപതിനായിരം ഡോസ് വാക്സീനില്‍ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി മാസ് വാക്സിനേഷന്‍ ക്യാമ്പുകള്‍ നടന്നു വരുന്നുണ്ട്. സ്റ്റോക്ക് തീര്‍ന്നതോടെ ഇത്തരം ക്യാമ്പുകള്‍ മുടങ്ങിയേക്കുമെന്നാണ് ആശങ്ക.
മറ്റ് പല ജില്ലകളിലും വാക്സിന് ക്ഷാമം നേരിടുന്നുണ്ട്. വാര്‍ഡ് തലത്തില്‍ ക്യാമ്പുകളൊരുക്കി കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ആലോചനകള്‍ സജീവമായിരിക്കെയാണ് സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടായിരിക്കുന്നത്. പുതിയ സ്റ്റോക്ക് എത്താത്തതും നിലവിലേത് കഴിഞ്ഞതുമാണ് കാരണം. എത്രയും പെട്ടെന്ന് കൂടുതല്‍ വാക്സിനെത്തിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ക്രഷിങ് ദി കര്‍വ്’ പദ്ധതിയുടെ ഭാഗമായി ക്യാമ്പുകള്‍ വ്യാപകമാക്കാനായിരുന്നു തീരുമാനം. തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടെ പങ്കാളികളാക്കി 45 വയസ്സിന് മുകളിലുള്ള പരമാവധി ആളുകള്‍ക്ക് ഒരുമാസത്തിനകം കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും നല്‍കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.