കൊച്ചി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനായി സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്ക് കരാര്‍ തുക അനുവദിക്കുന്നില്ലെന്ന് പരാതി. ഒക്ടോബര്‍ 13 മുതല്‍ നവംബര്‍ 15 വരെയുള്ള കുടിശികയാണ് സര്‍ക്കാര്‍ നല്‍കാത്തത്. ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഡ്രൈവര്‍മാരുടെ പരാതി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ താലൂക്കുകളിലെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ അനുവദിച്ചിരുന്നു. കരാര്‍ ഡ്രൈവര്‍മാരുടെ കാലാവധി കഴിഞ്ഞമാസം 15 ഓടെ അവസാനിപ്പിച്ചു. എന്നാല്‍ ഒക്ടോബര്‍ 13 മുതല്‍ നവംബര്‍ 15 വരെയുള്ള 32 ദിവസത്തെ ശമ്പളം ഇപ്പോഴും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
മലപ്പുറം ജില്ലയില്‍ മാത്രം തൊണ്ണൂറോളം ഡ്രൈവര്‍മാര്‍ക്കാണ് ഇത്തരത്തില്‍ കുടിശിക ലഭിക്കാനുള്ളത്. തിരൂര്‍ താലൂക്കില്‍ മാത്രം 32 പേരാണ് ഇതുമൂലം പ്രയാസം അനുഭവിക്കുന്നത്. കൊവിഡ് കാലത്ത് മറ്റ് ജോലികള്‍ക്ക് പോലും പോകാന്‍ സാധിക്കാത്ത ഇവരില്‍ വീട്ടുവാടക പോലും കൊടുക്കാന്‍ പ്രയാസം അനുഭവിക്കുന്നവരാണ് പലരും. ഒരാള്‍ക്ക് 25,000 രൂപ എന്ന തോതിലാണ് ലഭിക്കാനുള്ളത്.