രക്തക്കുഴലുകള്‍ക്ക് മാരക നാശം വരുത്തുന്ന കൊറോണ വൈറസിലെ അഞ്ച് പ്രോട്ടീനുകളെ ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചു കണ്ടെത്തി. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമെല്ലാം കാരണമാകുന്ന ഈ പ്രോട്ടീനുകളെ ഇസ്രായേല്‍ ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്.
കൊറോണ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിക്കുമ്പോൾ 29 വ്യത്യസ്ത പ്രോട്ടീനുകളെ അത് ഉൽപാദിപ്പിക്കും. ഈ 29 പ്രോട്ടീനുകളും ശരീരത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗവേഷണ സംഘം വിശദമായി പരിശോധിച്ചു. തുടര്‍ന്നാണ് രക്തക്കുഴലുകളുടെ ഭിത്തികളിലെ കോശങ്ങളെ ബാധിച്ച് അവയ്ക്ക് വിനാശം വരുത്തുന്ന അഞ്ച് പ്രോട്ടീനുകളെ തിരിച്ചറിഞ്ഞത്. ഇവ രക്തധമനികളുടെ ഭിത്തികളെ സുതാര്യമാക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ടെല്‍ അവീവ് സര്‍വകലാശാലയിലെ ഡോ.ബെന്‍ മാസ് അഫ്രോം പറയുന്നു.
മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ് രോഗികള്‍ക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ വരാനുള്ള സാധ്യത മൂന്ന് മടങ്ങ് അധികമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഗവേഷണത്തിന്‍റെ ഭാഗമായി പഠനസംഘം ഓരോ കോവിഡ് പ്രോട്ടീനിന്‍റെയും ആര്‍എന്‍എ എടുത്ത് ലാബില്‍ വെച്ച് അവ മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുമ്പോഴുള്ള പ്രതികരണം നിരീക്ഷിച്ചു. ഒരു കംപ്യൂട്ടേഷണല്‍ മോഡല്‍ ഉപയോഗിച്ചാണ് പലതരം കോശസംയുക്തങ്ങള്‍ക്ക് ഓരോ പ്രോട്ടീനും ഏല്‍പ്പിക്കുന്ന ക്ഷതം നിര്‍ണയിച്ചത്. പുതിയ ഗവേഷണം വൈറസിന്‍റെ പ്രവര്‍ത്തനത്തെ തടയാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് വ്യക്തമായ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താന്‍ സഹായകമാകും. രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വിനാശം കുറച്ചു കൊണ്ടു വരാനും ഇതിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.