പത്തനംതിട്ട : പത്തനംതിട്ട മുനിസിപ്പല്‍ പ്രദേശത്ത് ഗുരുതരമായ കോവിഡ്-19 രോഗവ്യാപനത്തിനുളള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഉറവിടം വ്യക്തമല്ലാത്ത രോഗികളെ കണ്ടെത്തിയിട്ടുളളതിനാല്‍ ഈ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ വീടിനുളളില്‍ തന്നെ കഴിയേണ്ടതും യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുമാണ്. ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യം കര്‍ശനമായി ഒഴിവാക്കണം. അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന കടകള്‍ മാത്രമേ തുറക്കാവു. കടകളില്‍ ഒരേസമയം അഞ്ചു പേരില്‍ കൂടുതല്‍ അനുവദനീയമല്ല. ആളുകള്‍ തമ്മില്‍ ആറ് അടിയിലധികം അകലം പാലിക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം.
രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി കഴിഞ്ഞ 14 ദിവസങ്ങളില്‍ നേരിട്ടു സമ്പര്‍ക്കത്തില്‍ എത്തിയവരെ പ്രൈമറി കോണ്ടാക്ട് എന്നും, പ്രൈമറി കോണ്ടാക്ടുമായി സമ്പര്‍ക്കത്തില്‍ വന്നവരെ സെക്കന്‍ഡറി കോണ്ടാക്ടുമായാണ് കരുതുന്നത്. കോവിഡ്-19 ഒരു വൈറസ് രോഗമാണ്. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കത്തില്‍ വരുമ്പോഴും രോഗബാധിതര്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ സ്പര്‍ശിക്കുമ്പോഴുമാണ് രോഗപകര്‍ച്ച ഉണ്ടാകുന്നത്.
പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, വയറുവേദന, വയറിളക്കം, മൂക്കൊലിപ്പ്, തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗിയുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ സമ്പര്‍ക്കമുളളവര്‍ കര്‍ശനമായും വീടിനുളളില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ ഉളളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായോ കണ്‍ട്രോള്‍ റൂം നമ്പരിലോ ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി മാത്രമേ മറ്റുളളവരും പുറത്തുപോകാവു.
വേഗത്തില്‍ പരിശോധനാഫലം ലഭിക്കുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയാണ് ഈ പ്രദേശത്ത് നടത്തുന്നത്. ഇതിന്റെ പരിശോധനാഫലം കൃത്യവും വിശ്വസനീയവുമാണ്. കോവിഡിനുളള മറ്റു പരിശോധനകളായ ആര്‍ടിപിസിആര്‍ ടെസ്റ്റ്, റാപ്പിഡ് ആന്റിബോഡി പരിശോധന എന്നിവയെപ്പോലെ യുഎസ്എഫ്ഡിഎ, ഐസിഎംആര്‍ എന്നിവയുടെ അംഗീകാരമുളള പരിശോധനയാണ് ഇവിടെ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധന. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
രോഗലക്ഷണമുളളവര്‍ തുടര്‍ പരിശോധനകള്‍ക്കും സംശയ നിവാരണത്തിനുമായി ഇനിപറയുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പരുകളിലേക്ക് വിളിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം 04682 228220, 9188294118, 8281413458. ജില്ലാ ദുരന്തനിവാരണ വിഭാഗത്തിലെ കണ്‍ട്രോള്‍ റൂം 04682 322515.
മുതിര്‍ന്ന പൗരന്മാരും കുട്ടികളും ഗുരുതരമായ രോഗങ്ങള്‍ ഉളളവരും വീടിനു പുറത്തിറങ്ങുകയോ മറ്റുളളവരുമായി സമ്പര്‍ക്കത്തില്‍ ആവുകയോ ചെയ്യരുത്. ഈ വിഭാഗത്തില്‍ ഉളളവര്‍ക്ക് രോഗം ബാധിച്ചാല്‍ സങ്കീര്‍ണമാകുന്നതിന് സാധ്യത ഉളളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.