പത്തനംതിട്ട : കോവിഡ് വ്യാപനത്തിനെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാഭരണകേന്ദ്രവും ആരോഗ്യവിഭാഗവും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഓണക്കാലത്ത് ശ്രദ്ധിക്കേണ്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സജ്ജീകരിച്ച ബോധവല്‍ക്കരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
യൂണിസെഫിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള കോവിഡ് ബോധവല്‍ക്കരണ റോഡ്ഷോ അഞ്ചുദിവസം ജില്ലയിലുടനീളം സഞ്ചരിച്ച് ബോധവല്‍ക്കരണ സന്ദേശം നല്‍കും. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രചന ചിദംബരം, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ എ.സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍ ഷൈലാ ഭായി, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തേജസ് ഉഴുവത്ത് എന്നിവര്‍ സംസാരിച്ചു.