തിരുവനന്തപുരം: കോവിഡിനൊപ്പം തലസ്ഥാന നഗരിയില്‍ ചിക്കുന്‍ ഗുനിയയും പടരുന്നു. കോവിഡ് തന്നെ ആശങ്കാകുലമായ സാഹചര്യം സൃഷ്ടിക്കുമ്പോഴാണ് ഡെങ്കിയും ചിക്കുന്‍ ഗുനിയയുംകൂടി തലസ്ഥാന നഗരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ഭീഷണിക്കിടയിലും മറ്റു രോഗങ്ങള്‍ കൂടി പിടിമുറുക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മഴ കനത്തതോടെയാണ് കോവിഡിനൊപ്പം മറ്റു രോഗങ്ങള്‍ കൂടി കടന്നുവന്നിരിക്കുന്നത്. വൈറല്‍ പനി പടരുമ്പോള്‍ തന്നെ ഒപ്പം എച്ച് വണ്‍ എന്‍വണ്ണും എലിപ്പനി ഭീഷണിയും പിന്നാലെയുണ്ട്. അഞ്ചോ ആറോ അധിലധികമോ ഉള്ള വൈറല്‍ പനികളാണ് ഇപ്പോള്‍ കേരളത്തില്‍ പടരുന്നത് എന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. അതില്‍ ചിക്കുന്‍ ഗുനിയയും, എലിപ്പനിയുമുണ്ട്. വഞ്ചിയൂര്‍, പടിഞ്ഞാറെക്കോട്ട, പാല്‍ക്കുളങ്ങര, കരമന എന്നിവിടങ്ങളിലാണ് കഴിഞ്ഞ മാസം മുതല്‍ ചിക്കുന്‍ ഗുനിയ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പനിയും ദേഹാസകലം വേദനയുമാണ് ചിക്കുന്‍ ഗുനിയ പിടിപെടുന്നവര്‍ക്ക് അനുഭവപ്പെടുന്നത്. പനിയും ശരീരവേദനയും വന്നവര്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതോടെയാണ് ചിക്കുന്‍ ഗുനിയ എന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചത്.
ചിക്കുന്‍ ഗുനിയ വന്നപ്പോഴും ആശുപത്രിയില്‍ ചികിത്സ തേടാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോവിഡ് കാരണം ആശുപത്രികളെ തന്നെ രോഗികള്‍ ഭയപ്പെടുന്ന അവസ്ഥയാണ്. കോവിഡ് രോഗികള്‍ ഉള്ളതിനാല്‍ ആശുപത്രികളും കിടത്തി ചികിത്സ പരമാവധി ഒഴിവാക്കുകയാണ്. ചിക്കുന്‍ ഗുനിയ വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും ശരീരവേദന മറാത്തവരാണ് അധികവും. പലരും ഫോണില്‍ക്കൂടി ഡോക്ടര്‍മാരെ കണ്‍സല്‍ട്ട് ചെയ്തിട്ടാണ് മരുന്ന് ഉപയോഗിക്കുന്നത്. ആശുപത്രി കഴിയുന്നതും ഒഴിവാക്കാനാണ് ഡോക്ടര്‍മാരും ആവശ്യപ്പെടുന്നത്. പകര്‍ച്ചവ്യാധികള്‍ വര്‍ഷങ്ങളായി ജനങ്ങളുടെ ആരോഗ്യത്തെ വേട്ടയാടുകയാണ്.