ന്യൂയോർക്ക്: ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയതിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.
ലോകത്താകമാനം കൊവിഡ് രോഗികളുടെ എണ്ണം 17 ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. അമേരിക്കയിൽ 24 മണിക്കൂറിനിടെ രണ്ടായിരത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും മരണ നിരക്ക് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണെന്നത് നല്ല സൂചനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഫ്രാൻസിലും ബ്രിട്ടനിലും ആയിരത്തോളം ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്.
അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് രണ്ടാമതും കൊവിഡ് പടരാൻ കാരണമാകും എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗ വ്യാപനം കൂടുന്നതിൽ ആശങ്കയുണ്ടെന്നും ലോകാരോഗ്യ അറിയിച്ചു. കഴിഞ്ഞ 30 ദിവസത്തിനിടെ 95,00 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.