ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1.62 കോടിയിലേക്ക് അടുക്കുന്നു. 647,595 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 9,907,262 ആയി ഉയര്‍ന്നു. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമാണ്.
അമേരിക്കയില്‍ ഇന്നലെ മാത്രം 64,000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,315,684 ആയി ഉയര്‍ന്നു. അതേസമയം, പ്രതിദിന മരണനിരക്ക് കുറഞ്ഞത് ആശ്വാസം നല്‍കുന്ന കാര്യമാണ്. 850 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസില്‍ മരണമടഞ്ഞത്. ആകെ മരണസംഖ്യ 149,397 ആയി. 2,061,692 പേര്‍ രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം നാല്‍പത്തിയെട്ടായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,396,434 ആയി ഉയര്‍ന്നു. മരണസംഖ്യ 86,496 ആയി. 1,617,480 പേര്‍ സുഖം പ്രാപിച്ചു.
അതേസമയം, ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സൊനാരോയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. നാലാമത്തെ ടെസ്റ്റിലാണിത്. ആഴ്ചകളായി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ബോള്‍സൊനാരോ. കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുമായി ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് ഫലം നെഗറ്റീവായെന്ന വിവരം ബോള്‍സൊനാരോ പങ്കുവെച്ചത്. ജൂലായ് ഏഴിനാണ് ബോള്‍സൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. വേള്‍ഡോ മീറ്ററിന്റെ കണക്കനുസരിച്ച് കൊവിഡ് ബാധിതരുടെ എണ്ണം 1,385,494 ആയി. അതേസമയം തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യോഗത്തില്‍ ചര്‍ച്ചയായേക്കും.