മറയൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയായ മറയൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് എത്തുന്നവരുടെ പരിശോധനയും നിരീക്ഷണവും ആരോഗ്യവകുപ്പ്- ഇന്ന് ആരംഭിക്കും. ചിന്നാര്‍ ചെക്‌പോസ്റ്റിലാണ് പരിശോധന നടത്തുന്നത്.
അയല്‍ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കേരളത്തിലേക്ക് എത്തുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് അതിര്‍ത്തിയില്‍ ആരോഗ്യവകുപ്പും പോലീസും നിരീക്ഷണം ശക്തമാക്കുന്നത്. മറയൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും മറയൂര്‍ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തില്‍ പഴുതടച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അഞ്ചുനാട് മേഖലയില്‍ നടക്കുന്നത്.
എല്ലാ വാര്‍ഡുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ പൂര്‍ത്തിയാക്കി. വിവാഹങ്ങള്‍ ലളിതമാക്കാന്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് പൂര്‍ണ സഹകരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
ഓഡിറ്റോറിയത്തില്‍ നിശ്ചയിച്ച വിവാഹം വീടുകളില്‍ ലളിതമാക്കി നടത്തുന്നു. ഇറ്റലി, സിങ്കപ്പൂര്‍, ദുബായ്, സൗദി അറേബ്യ, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ എത്തിയ ഒമ്പത് പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയ സമയവും പരിശോധിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് കണ്ടെത്തിയെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ഇവരെ ബന്ധപ്പെട്ടുവരികയാണ്.