തിരുവനന്തപുരം: കോവിഡ്-19 നിരീക്ഷണത്തിലിരിക്കെ മുങ്ങിയ ആളെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ ഹരിയാന സ്വദേശിയെയാണ് പോലീസ് പിന്തുടര്ന്നു പിടികൂടിയത്. ഇയാളെ വീണ്ടും നിരീക്ഷണത്തിലാക്കി.
കോവിഡ്-19 രോഗ ബാധ മൂന്ന് പേര്‍ക്ക് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ജില്ലാ ഭരണകൂടം പുലര്‍ത്തുന്നത്. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നാണ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആളുകള്‍ കൂടുന്ന ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവയെല്ലാം അടച്ചിടാന്‍ നോട്ടീസ് നല്‍കും. ഇറ്റലി, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികള്‍ക്കും രണ്ടാഴ്ചയായി കേരളത്തിലുള്ള ഇറ്റാലിയന്‍ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് ജാഗ്രത ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.