തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലം നാവായിക്കുള്ളത്ത് പശുവിന് ഇരട്ട കിടാങ്ങള്‍ ജനിച്ചു. നാവായിക്കുളം പഞ്ചായത്തിലെ ക്ഷീര കര്‍ഷകരായ ഹരി ദീപ ദമ്ബതികളുടെ പശുക്കളില്‍ ഒന്നിനാണ് ഇരട്ടകള്‍ ജനിച്ചത്. പശു ഇരട്ട പ്രസവിക്കുന്നത് അപൂര്‍വമാണ്. വിഷുദിനത്തില്‍ പുലര്‍ച്ചെ നാലുമണിക്ക് ആയിരുന്നു പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ജഴ്സി ഇനത്തില്‍പ്പെട്ട പശു രണ്ട് പെണ്‍കിടാങ്ങളെ സമ്മാനിച്ചത്. 25 വര്‍ഷത്തിലധികമായി ക്ഷീര കാര്‍ഷികമേഖലയില്‍ സജീവമായ ഹരിക്ക് ഇപ്പോള്‍ ഏഴ് പശുക്കളുണ്ട്.
പലപ്പോഴും പശുക്കള്‍ ഇരട്ട പ്രസവിക്കാറുണ്ടെങ്കിലും ചിലത് മാത്രമാണ് ജീവിക്കാറുള്ളത്. മാത്രമല്ല കിടാങ്ങളില്‍ ആരോഗ്യ കുറവും ഉണ്ടാകും. എന്നാല്‍ ഹരിയുടെ പശുക്കിടാങ്ങള്‍ നല്ല ആരോഗ്യമുള്ളതാണ് എന്ന പ്രത്യേകതയുമുണ്ട്. പശുക്കളെ ഏറെ സ്നേഹത്തോടെയാണ് ഹിരിയും ദീപയും പരിചരിക്കുന്നത്. എല്ലാം കറവപ്പശുക്കള്‍ ആണ്. ദിവസവും ശരാശരി 40-50 ലിറ്റര്‍ പാല്‍ ലഭിക്കും. പരിസരത്തുള്ള വീടുകളില്‍ കൊടുത്ത ശേഷം ബാക്കി പാല്‍ 28 ആം മൈലില്‍ പ്രവര്‍ത്തിക്കുന്ന മില്‍മയുടെ സൊസൈറ്റിയില്‍ നല്‍കാറുണ്ട്. നന്നായി അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍ പശുവളര്‍ത്തല്‍ ലാഭകരം ആണെന്ന് അനുഭവത്തില്‍നിന്ന് ഹരി പറയുന്നു.
കൃത്യമായ പരിചരണവും സമയത്തുള്ള ചികിത്സയും. സങ്കരയിനം പശുക്കളെയാണ് ഹരി വളര്‍ത്തുന്നത്. സ്വന്തമായി ചെറിയ തോതില്‍ തീറ്റപ്പുല്‍ കൃഷിയുമുണ്ട്. പശു വളര്‍ത്തലിനോടൊപ്പം കൃഷിയും വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹരി. കൃഷി വ്യാപിപ്പിക്കുന്നതില്‍ പശുവളര്‍ത്തുന്നത് ഏറെ ഉപകാരപ്പെടുമെന്നാണ് ഹരി പറയുന്നത്.
17 വയസ്സു മുതല്‍ പശുക്കളെ വളര്‍ത്തി പരിചയമുള്ള ഹരി കുറച്ചുനാള്‍ വിദേശത്തായിരുന്നു. അപ്പോഴും നാട്ടില്‍ പശുവളര്‍ത്തല്‍ ഉണ്ടായിരുന്നു. വിവാഹത്തിനുശേഷം ദീപയുടെ പൂര്‍ണ സഹായം കൂടി ലഭിച്ചതോടെയാണ് പശുവളര്‍ത്തല്‍ വിപുലമാക്കിയത്. കൂടുതല്‍ പശുക്കളെ വാങ്ങണമെന്നും വലിയ പശുഫാം ആണ് ഭാവിയില്‍ ആലോചിക്കുന്നതെന്നും ഹരി പറയുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിയായ മകന്‍ അനിരുദ്ധ് സഹായവുമായി ഒപ്പമുണ്ട്.