മാനന്തവാടി: കടുവഭീതിയൊഴിയാതെ കാട്ടിക്കുളം പുളിമൂട് പ്രദേശം. കറവപ്പശുവിനെ കടുവ ആക്രമിച്ചുകൊന്നു. മേലെവീട്ടില്‍ പി.ആര്‍. സുരേഷിെന്റ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. പശുവിന്റെ അലര്‍ച്ച കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള്‍ പശുവിനെ ഉപേക്ഷിച്ച് കടുവ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.
25 ലിറ്ററോളം പാല്‍ ലഭിക്കുന്ന മൂന്നു വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് സുരേഷ് പറഞ്ഞു, സംഭവമറിഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മാനന്തവാടി റേഞ്ച് ഓഫിസര്‍ കെ.വി. ബിജുവുമായി പ്രദേശവാസികള്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉചിതമായ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നും പരിസരത്ത് ശക്തമായ കാവലും കാമറകളും സ്ഥാപിക്കുമെന്നുമുള്ള ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.
കാട്ടിക്കുളം വെറ്ററിനറി ഡോക്ടര്‍ സീലിയ ലൂയിസ് പശുവിനെ പോസ്റ്റ്മോര്‍ട്ടം നടത്തി. ഇതാദ്യമായാണ് വനത്തില്‍നിന്ന് ഇത്രയും അകലെ ജനവാസകേന്ദ്രത്തില്‍ മൃഗങ്ങളെ കടുവ ആക്രമിക്കുന്നതെന്ന് വനപാലകര്‍ പറഞ്ഞു.