ന്യൂഡല്‍ഹി : ചാണകം പ്രധാന ഘടകമാക്കി നിർമ്മിച്ച പെയിന്റ് വിപണിയിലെത്തുന്നു. കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷൻ ആണ് ചാണക പെയിന്റ് പുറത്തിറക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പെയിന്റ് അവതരിപ്പിക്കുക. ഇന്ത്യയിലെ ആദ്യത്തെ പശുച്ചാണക പെയിന്റ് എന്നാണ് ഈ പെയിന്റിന് ഖാദി കമ്മീഷൻ നൽകിയിരിക്കുന്ന വിവരണം.
‘ഖാദി പ്രകൃതിക് പെയിന്റ് ’ എന്നാണ് പുതിയ പെയിന്റിന്റെ പേര്. സാധാരണ പെയിന്റ്കളിൽ കാണുന്ന ലെഡ്, മെർക്കുറി, ക്രോമിയം, ആർസെനിക്, കാഡ്മിയം പോലുള്ളവ ഇതിൽ ഇല്ലെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ പെയിന്റാണ് ഇത്. ഫംഗസ് വിമുക്തവും ആന്റി ബാക്ടീരിയലുമാണ് ഇതെന്നും അധികൃതർ പറയുന്നു.
ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്‌മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ പെയിന്റ് വികസിപ്പിച്ചത്. ചാണകം തന്നെയാണ് പെയിന്റിലെ പ്രധാനഘടകം. സാധാരണ പെയിൻ്റുകൾക്കുള്ള മണം ഇതിനില്ല. വിലക്കുറവുമുണ്ട്. പ്ലാസ്റ്റിക് ഡിസ്റ്റംപെർ പെയിന്റ്, പ്ലാസ്റ്റിക് ഇമൽഷൻ എന്നീ രണ്ട് വിധത്തിൽ ഇന്ത്യൻ ബ്യൂറോ ഓഫ് സ്റ്റാൻഡാർഡ്‌സിന്റെ അംഗീകാരത്തോടെയാണ് ഉത്പന്നം വിപണിയിലെത്തുന്നത്.