തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സി എം പി നേതാവ് സി പി ജോണിനെ മലബാറിലെ ഒരു ഉറച്ച മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ യു.ഡി.എഫില്‍ ചര്‍ച്ച. മുന്നണിയിലും ടെലിവിഷന്‍ ചര്‍ച്ചകളിലും സജീവ സാന്നിദ്ധ്യമായ സി.പി ജോണ്‍ ഇത്തവണ നിയമസഭയില്‍ ഉണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസിനും മുസ്ലീംലീഗിനും നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ മലബാറില്‍ ലീഗിന് കൂടി മേധാവിത്വമുളള ജയസാദ്ധ്യതയുളള ഒരു സീറ്റ് സി.പി ജോണിന് നല്‍കാനാണ് ആലോചന നടക്കുന്നത്. പകരം സി.പി ജോണ്‍ രണ്ട് തവണ മത്സരിച്ച് പരാജയപ്പെട്ട കുന്നംകുളം കോണ്‍ഗ്രസ് ഏറ്റെടുക്കും.
2011ല്‍ ബാബു എം പാലിശേരിയോടും 2016ല്‍ എ.സി മൊയ്‌തീനോടുമായിരുന്നു കുന്നംകുളത്ത് സി പി ജോണിന്റ തോല്‍വി. ഇനിയൊരു ഭാഗ്യപരീക്ഷണം ഇവിടെ വേണ്ടെന്നാണ് ജോണിന്റ തീരുമാനം. യു.ഡി എഫിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മുന്നണിക്ക് വേണ്ടി സംസാരിക്കുന്ന ധനകാര്യ വിദഗ്ദ്ധനും സിപിഎം വിമര്‍ശകനുമായ സി.പി ജോണ്‍ നിയമസഭയിലേക്ക് എത്തേണ്ടത് അനിവാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന് പകരം ഇരവിപുരത്ത് ബാബു ദിവാകരനെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇരവിപുരം വിട്ടുനല്‍കി കുണ്ടറയോ കൊല്ലമോ ഏറ്റെടുക്കാനുളള നീക്കവും ആര്‍.എസ്.പി നടത്തുന്നുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മലയാളി മാധ്യമ പ്രവര്‍ത്തകനെ ഇരവിപുരത്തേക്ക് മത്സരിപ്പിക്കാനുളള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. എ.എ അസീസ് 28000 വോട്ടിനാണ് കഴിഞ്ഞതവണ ഇരവിപുരത്ത് തോറ്റത്. ഇക്കുറി മത്സരിക്കുന്ന കാര്യത്തില്‍ അസീസ് ഇതുവരെ മനസ് തുറന്നിട്ടില്ല.
അസീസ് മാറുന്നില്ലെങ്കില്‍ ബാബു ദിവാകരന് മത്സരിക്കാന്‍ വേണ്ടിയാണ് ആര്‍ എസ് പി കൊല്ലം സീറ്റ് ചോദിക്കുന്നത്. ഫോര്‍വേഡ് ബ്ലോക്കിന് കൊല്ലം ജില്ലയില്‍ ഒരു സീറ്റെന്ന ധാരണയാണ് യു.ഡി.എഫിലുളളത്. ചാത്തനൂരിനാണ് സാധ്യതയെങ്കിലും ഫോര്‍വേഡ് ബ്ലോക്ക് അവിടെ മത്സരിച്ചാല്‍ ബി.ജെ.പിക്ക് വിജയം സുനിശ്‌ചിതമാണെന്ന് നേതാക്കള്‍ അടക്കം പറയുന്നുണ്ട്. ദേവരാജന് കൊല്ലം നിയമസഭ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്‌പര്യം.