ചടയമംഗലം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ ചടയമംഗലത്തെ സ്ഥാനാര്‍ത്ഥിയായ ജെ. ചിഞ്ചു റാണിക്കെതിരെ വീണ്ടും സിപിഐ പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. ചിഞ്ചു റാണിയെ തോല്‍പ്പിക്കും, ചിഞ്ചു റാണി ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളാണ് സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ ഉയര്‍ന്നത്. എ മുസ്തഫയെ അനുകൂലിച്ചായിരുന്നു പ്രകടനം.
പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ അവഗണിച്ചുകൊണ്ടാണ് ചിഞ്ചു റാണിയെ സിപിഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലം കമ്മിറ്റികളും ജില്ലാ കൗണ്‍സിലും നിര്‍ദേശിച്ച പേരുകളില്‍ ഇല്ലാത്ത ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.
കൊല്ലം ജില്ലയില്‍ വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലെ ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക പ്രതിഷേധങ്ങള്‍ പരിഗണിക്കാതെ ചിഞ്ചു റാണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.