തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തോല്‍വിയില്‍ പരിശോധന വേണമെന്ന് സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി. കൊല്ലം ജില്ലയില്‍ ഇടതുപക്ഷ സ്വാധീനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കരുനാഗപ്പള്ളിയില്‍ സി.പി.ഐ സ്ഥാനാര്‍ഥി വിജയിക്കേണ്ടതായിരുന്നു. ജില്ല കമ്മിറ്റിയുടെ അന്വേഷണ കമീഷന് റിപ്പോര്‍ട്ട് അടുത്ത സംസ്ഥാന കൗണ്‍സില്‍ പരിഗണിച്ചേക്കും.
കുണ്ടറയില്‍ സി.പി.എം സ്ഥാനാര്‍ഥിയുടെ തോല്‍വിയും പരിശോധിക്കണം. സി.പി.എമ്മിനുള്ളില്‍തന്നെ സ്ഥാനാര്‍ഥിക്കെതിരെ എതിര്‍പ്പുണ്ടായിരുന്നു. സ്ഥാനാര്‍ഥിക്ക് തലക്കനമുണ്ടെന്ന പ്രചാരണവുമുണ്ടായെന്നും ചൂണ്ടിക്കാട്ടി. ചടയമംഗലത്ത് ജെ.ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും മുന്‍പ് സംസ്ഥാനനേതൃത്വം കാര്യം ധരിപ്പിച്ചശേഷമാണ് മുസ്തഫ സമാന്തര കണ്വെന്ഷന് വിളിച്ചതെന്നും വിലയിരുത്തി. അച്ചടക്കനടപടിക്ക് വിധേയമായ മുസ്തഫയുടെ ഘടകം കൊല്ലം ജില്ലനേതൃത്വം തീരുമാനിക്കും.
ബി.ജെ.പിയുടെ പ്രവര്‍ത്തനം ഗൗരവമായി എടുക്കണമെന്നാണ് നിര്‍വാഹകസമിതിയുടെ വിലയിരുത്തല്‍. വ്യാപകമായി ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചിട്ടില്ല. എന്നാല്‍ കരുനാഗപ്പള്ളി അടക്കം മണ്ഡലങ്ങളില്‍ യു.ഡി.എഫിന് ബി.ജെ.പി വോട്ട് ലഭിച്ചു. കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയുമായി ധാരണക്ക് മുതിരുക എന്ന നില തുടര്‍ന്നാല്‍ അപകടകരമാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം കുറച്ചുകൂടി കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് പരിശോധിക്കാനും ധാരണയായി.