വായ്പ്പൂര്‍ : അപകടങ്ങളും അപകട മരണങ്ങളും സംഭവിക്കുന്ന കോട്ടാങ്ങൽ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് സി.പി.ഐ കോട്ടാങ്ങൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിൽ 25 കിലോമീറ്റർ അകലെയാണ് ഫയർ സ്റ്റേഷൻ ഉള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ എത്തിപെടണമെങ്കിൽ മണിക്കൂറുകൾ എടുത്താണ് അപകട സ്ഥലത്ത് എത്തുന്നത്. അത് മൂലം ജീവൻ പോലും നഷ്ടപെടുന്ന സാഹചര്യമാണുള്ളത്. ഫയർ സ്റ്റേഷന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കോട്ടാങ്ങൽ പഞ്ചായത്തിൽ ലഭ്യമാണ്. മണിമലയാറും നിരവധി പാറമട കുളങ്ങളും നിലവിലുള്ള കോട്ടാങ്ങൽ പഞ്ചായത്തിൽ അപകടങ്ങളും വേനൽക്കാലത്ത് തീപിടുത്തവും നിത്യ സംഭവമാണ്. അതിനാൽ മല്ലപ്പള്ളി താലൂക്കിൻ്റെ കിഴക്കൻ പ്രദേശമായ കോട്ടാങ്ങൽ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുവാൻ സമ്മേളനം തീരുമാനിച്ചു.
വായ്പ്പൂര്‍ രാജശേഖരപ്പണിക്കർ നഗറിൽ നടന്ന സമ്മേളനത്തിന് ആദ്യകാല പാർട്ടി നേതാവ് റ്റി.കെ പുരുഷോത്തമൻ നായർ പതാക ഉയർത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ.സതീശ്, അസിസ്റ്റൻ്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, കിസാൻ സഭ മണ്ഡലം സെക്രട്ടറി അനിൽ ചാലാപ്പള്ളി, ലോക്കൽ സെക്രട്ടറി പി.പി സോമൻ, ഉഷാ ശ്രീകുമാർ, ടി.എസ്അജിഷ് , പ്രസാദ് വലിയ മുറി എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി നവാസ് ഖാനെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി കെ.ആര്‍ കരുണാകരനെയും തെരഞ്ഞെടുത്തു.