പത്തനംതിട്ട : പട്ടണത്തെ രക്തവർണ്ണ സാഗരത്തിൽ ആറാടിച്ച് സിപിഐ ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് സമ്മേളനം. അഞ്ചിന് വൈകീട്ട് 3.30ന് വിവിധ കേന്ദ്രങ്ങളിൽ നിന്നും എത്തുന്ന കൊടിമരം, പതാക, ബാനർ ജാഥകളും ദീപശിഖയും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ എത്തിച്ചേരും. നാലിന് ജാഥകൾ സംയുക്തമായി പൊതുസമ്മേളനം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. 4.30ന് കൊടിമരം, പതാക, ബാനർ, ദീപശിഖ എന്നിവ പൊതുസമ്മേളന നഗറിൽ നേതാക്കൾ ഏറ്റുവാങ്ങും. തുടർന്ന് പതാക ഉയർത്തും.
അഞ്ചിന് ചേരുന്ന പൊതുസമ്മേളനം സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം അമർജിത് കൗർ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ അധ്യക്ഷത വഹിക്കും. സിപിഐ ദേശീയ എക്സി അംഗം പന്ന്യൻരവീന്ദ്രൻ, സംസ്ഥാന അസ്സി സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സി അംഗം കെ ആർ ചന്ദ്രമോഹൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ ലതാദേവി, മുണ്ടപ്പള്ളി തോമസ്, സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം എം വി വിദ്യാധരൻ, സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, ജില്ലാ അസ്സി സെക്രട്ടറിമാരായ ഡി സജി, മലയാലപ്പുഴ ശശി, ജില്ലാ ട്രഷറർ അടൂർ സേതു തുടങ്ങിയവർ പ്രസംഗിക്കും.
ആറിന് രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സി അംഗങ്ങളായ സി ദിവാകരൻ, പി പ്രസാദ്, മന്ത്രി ചിഞ്ചുറാണി, സംസ്ഥാന എക്സി അംഗം എൻ രാജൻ തുടങ്ങിയവർ പങ്കെടുക്കും. രാഷ്ട്രീയ റിപ്പോർട്ട്, പ്രവർത്തന റിപ്പോർട്ട് അവതരണം, ഗ്രൂപ്പ് ചർച്ച എന്നിവ നടക്കും. ഏഴിന് രാവിലെ ഒമ്പത് മുതൽ പൊതുചർച്ച, മറുപടി, പ്രമേയ അവതരണം, തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും. പ്രതിനിധി സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ വി കെ പുരുഷോത്തമൻ പിള്ള സ്വാഗതവും അബ്ദുൽ ഷുക്കൂർ കൃതജ്ഞതയും പറയും.