തിരുവനന്തപുരം : സിപിഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയ മറുപടിയെ ചൊല്ലി ഉള്‍പ്പാര്‍ട്ടി പോര്. കാനം പാര്‍ട്ടിയുടെ അടിസ്ഥാന നയസമീപനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് എടുക്കുന്നതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. എം.എം മണിയുടെ പ്രസ്താവനയെ വിമര്‍ശിച്ച ആനി രാജയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് കാനം പറഞ്ഞിരുന്നു. എസ്‌എഫ്‌ഐ എഐഎസ്‌എഫ് തര്‍ക്കത്തില്‍ എഐഎസ്‌എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ തള്ളി പറഞ്ഞതും പ്രതിനിധികളില്‍ വലിയ അതൃപ്തിയുണ്ടാക്കി.
മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാതിരുന്നതും സമ്മേളനത്തിന് പുറത്ത് ചര്‍ച്ചയായി. പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി പരിശോധിക്കപ്പെട്ടു. പരിസ്ഥിതി പ്രശ്‌നങ്ങളിലും മുന്നണി സമീപനങ്ങളിലും നേതൃത്വം വിമര്‍ശിക്കപ്പെട്ടു. അതേസമയം, സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പത്തനംതിട്ട, കൊല്ലം ജില്ലാ സമ്മേളനങ്ങളാണ് അടുത്തതായി നടക്കാനുള്ളത്.