തിരുവനന്തപുരം : സി.പി.ഐ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തില്‍ സമ്മേളനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകും. പാര്‍ട്ടിക്ക് കീഴിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യും.
അതേസമയം, ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് മുന്നണിക്ക് പ്രത്യേക നേട്ടമുണ്ടാക്കിയില്ലെന്നാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അവലോകനം. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ പാലായിലേയും കടുതുരുത്തിയിലേയും തോല്‍വികള്‍ ചൂണ്ടിക്കാട്ടിയാണ് നിലപാട്. എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലേറിയത് ഭരണത്തുടര്‍ച്ച ജനം ആഗ്രഹിച്ചതുകൊണ്ടാണെന്നും സി.പി.ഐ വിലയിരുത്തുന്നു. റിപ്പോര്‍ട്ട് ഇന്ന് നിര്‍വാഹക സമിതിയിലും നാളെ സംസ്ഥാന കൗണ്‍സിലിലും അവതരിപ്പിക്കും.
ജനയുഗത്തെ വിമര്‍ശിച്ച സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍റെ മറുപടി ഇന്ന് ചേരുന്ന നിര്‍വാഹക സമിതി യോഗം ചര്‍ച്ചചെയ്യും. പരസ്യ വിമര്‍ശനത്തില്‍ ശിവരാമനെതിരെ നടപടിയുണ്ടാകുമോ എന്നതും നിര്‍ണായകമാണ്. ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു കെ.കെ. ശിവരാമന്‍റെ ആരോപണം.
സി.പി.ഐ പാര്‍ട്ടി മുഖപത്രം ജനയുഗം ശ്രീനാരായണഗുരുവിന്‍റെ പ്രാധാന്യം കുറച്ചു എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വലിയ വിവാദമായിരുന്നു. ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നും അത് വളരെ പ്രാധാന്യം കുറച്ചാണ് നല്‍കിയതെന്നുമായിരുന്നു ശിവരാമന്‍റെ വിമര്‍ശനം. ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും കെ.കെ. ശിവരാമന്‍ ആരോപിച്ചിരുന്നു.