എറണാകുളം : കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ബദൽ നീക്കത്തെ എതിർത്ത് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് വേണ്ടെന്ന സിപിഐ എം നിലപാട് പരിതാപകരമാണെന്ന് സത്യദീപം മുഖപ്രസംഗത്തിൽ പറയുന്നു. ബി.ജെ.പി വിരുദ്ധ ചേരിയിൽ സിപിഐ എമ്മും കോൺഗ്രസും ഒന്നിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തിനടിയിൽപ്പെട്ട് വിശാല മതേതര മുന്നണിയുടെ രൂപീകരണ ചര്‍ച്ചകളെ പാതി വഴിയിലുപേക്ഷിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് പരിതാപകരമെന്നേ പറയാവൂ. തെരഞ്ഞെടുപ്പിനു മുമ്പുള്ള ദേശീയ മുന്നണി നീക്കം അനാവശ്യമാണെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് ബി.ജെ.പി. ഇതര ദേശീയ ബദലിന്റെ ദിശ തെറ്റിക്കുമെന്നുറപ്പാണ്.
ധാരണകള്‍ പ്രാദേശികതലത്തില്‍ മാത്രമായി പരിമിതപ്പെടുത്തുമ്പോള്‍, തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂടിച്ചേരലിനുള്ള നയവും ന്യായവും കണ്ടെത്തുക എളുപ്പമായിരിക്കില്ലെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. മൃദു ഹിന്ദുത്വ നിലപാടിലൂടെ ഭൂരിപക്ഷ പിന്തുണയുറപ്പാക്കാമെന്ന പഴകിപ്പൊളിഞ്ഞ മതാതുര നയവുമായി മുന്നോട്ടെന്ന കോണ്‍ഗ്രസ് നിലപാട് തിരുത്തപ്പെടണം. ഏറ്റവും ഒടുവില്‍, മധ്യപ്രദേശില്‍, കോണ്‍ഗ്രസ്സുകാര്‍ രാമനാമം ജപിക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അതിന്റെ മതേതര പാരമ്പര്യത്തെ പരിഹസിക്കുന്നുവെന്നു മാത്രമല്ല ബി.ജെ.പിയുണ്ടാക്കുന്ന അജണ്ടകളെ അന്ധമായി അനുഗമിക്കുന്ന അപഹാസ്യരീതികളെ അത് എപ്പോഴും അവലംബിക്കുന്നുവെന്ന ഗുരുതര പ്രശ്‌നവുമുണ്ടെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.