പത്തനംതിട്ട: സി.പി.ഐ യിൽ ഭിന്നത രൂക്ഷം. പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം. ആഗസ്ത് 5,6,7 തീയതികളിൽ പത്തനംതിട്ടയിൽ ജില്ലാ സമ്മേളനം നടക്കാനിരിക്കെ ജില്ലാ നേതൃത്വം കടുത്ത പ്രതിസന്ധിയിൽ.
രണ്ടു കോടിക്ക് പുറത്തു വരുന്ന വരവ് ചെലവ് കണക്കുകൾ ആഡിറ്റ് കമ്മീഷനെ നിയോഗിക്കാതെ അവതരിപ്പിക്കാനുള്ള നീക്കം ജൂലൈ 26 ന് ചേർന്ന ജില്ലാ എക്സിക്യൂട്ടീവും ജില്ലാ കമ്മറ്റിയും എതിർത്തതോടെ മൂന്നംഗ ആഡിറ്റ് കമ്മീഷനെ നിയോഗിച്ചു. എന്നാൽ എല്ലാ വർഷവും പാർട്ടി ഭരണഘടന പ്രകാരം ആഡിറ്റ് കമ്മീഷൻ റിപ്പോർട്ട് കമ്മറ്റിയിൽ വെക്കണമെന്ന നിബന്ധന ലംഘിച്ചെന്ന ആരോപണം ഉയർന്നതോടെ നേതൃത്വം വിമർശകരുടെ കാല് പിടിക്കുന്ന അവസ്ഥയിലായി. കേവലം രണ്ട് ദിവസം കൊണ്ട് തട്ടിക്കൂട്ടിയ ആഡിറ്റ് കമ്മീഷൻ അംഗീകരിച്ചതെന്ന പേരിൽ ജൂലൈ 29 ന് ചേർന്ന ജില്ലാ കമ്മറ്റിയിൽ കണക്ക് അവതരിപ്പിക്കാനുള്ള പ്രഹസനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ഭൂരിപക്ഷം അംഗങ്ങളും കമ്മറ്റിയിൽ നിന്നും വിട്ട് നിന്നു.
ജില്ലാ എക്സിക്യൂട്ടീവിലെ ഒമ്പത് അംഗങ്ങളിൽ 4 പേരും 45 അംഗ ജില്ലാ കമ്മറ്റിയിലെ 12 പേരും മാത്രമാണ് നേതൃത്വത്തെ പിന്തുണച്ച് യോഗത്തിനെത്തിയത്. ജില്ലാ സെക്രട്ടറി ഏ. പി.ജയൻ പാർട്ടി അനുമതി വാങ്ങാതെ തന്റെയും മകളുടെയും പേരിലുള്ള പെരിങ്ങനാട് വില്ലേജിലെ ഒന്നേകാൽ ഏക്കർ സ്ഥലത്ത് കോടികൾ ചെലവഴിച്ച് ആരംഭിച്ച Nature’s എന്ന പേരിലുള്ള ഹൈടെക്ക് ഫാം വൻ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ക്ഷീര വികസന വകുപ്പിൽ നിന്ന് ഭരണ സ്വാധീനം ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഭാര്യയുടെ പേരിൽ 4 ലക്ഷത്തോളം രൂപ സബ്സിഡിയും കൈപ്പറ്റി. നാഷണൽ ലൈവ്സ്റ്റോക്ക് ഡെവലെപ്പ്മെന്റ് മിഷന്റെ രണ്ടു കോടി രൂപയുടെ സബ്സിഡിക്കായി ബി.ജെ.പി സംസ്ഥാന നേതാക്കളുടെ സഹായം തേടിയെന്നതും വിമർശന വിധേയമായി.
ഫാമിന്റെ കെട്ടിടങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കും ലാൻഡ് ഡെവലപ്പിങ്ങിനുമായി ചെലവഴിച്ച തുകയുടെ ഉറവിടം സംശയമുളവാക്കുന്നതായി വിമർശനമുണ്ട്. തിരുവല്ല പെരിങ്ങരയിൽ പ്രവാസി വ്യവസായിയുടെ ഏഴര ഏക്കർ നിലത്തെ അനധികൃത നികത്തലും കൺവെൻഷൻ സെന്റർ പ്രോജക്ടും റെഗുലറൈസ് ചെയ്യുന്നതിന് വ്യവസായി ഹൈക്കോടതിയിൽ നൽകിയ കേസിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ക്രമവൽക്കരണത്തിന് വേണ്ട ചട്ടവിരുദ്ധ സഹായങ്ങൾ ചെയ്യിക്കുന്നതിൽ നേതൃത്വത്തിനെതിരെ പ്രദേശത്ത് യുവജന പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. അടുത്തിടെ കവിയൂരിൽ നടന്ന മണ്ണ് ഖനനത്തിലും കടത്തലിലും തിരുവല്ല മണ്ഡലത്തിലെ നേതാവിന്റെ മണ്ണ് മാന്തി യന്ത്രങ്ങളാണ് ഉപയോഗിച്ചത്.
പത്തനംതിട്ട റിങ്ങ് റോഡിൽ അടുത്തിടെ വൈദികന്റെ ഭൂമിയിൽ അനധികൃത പാറ ഖനനം നടത്തിയതിന് പിറകിലും നഗരസഭ കൗൺസിലിൽ ഉൾപ്പടെ ജില്ലാ സെക്രട്ടറിയുടെ അടുപ്പക്കാരനായ സി.പി.ഐ കൗൺസിലറുടെ പങ്ക് ആരോപിക്കപ്പെട്ടിരുന്നു. ഇതേ വൈദികൻ തൊട്ടടുത്ത് 80 സെന്റ് നിലം മുമ്പ് നികത്തിയതിനെ പുരയിടമാക്കി തരം മാറ്റാൻ നേതാക്കൾക്ക് വൻ തുക കൈക്കൂലി നൽകിയെന്ന് ആരോപണമുണ്ട്. രണ്ടു സംഭവങ്ങളിലും റവന്യൂ വകുപ്പ് നിസംഗത പാലിച്ചു. കോന്നിയിൽ മുൻ തഹസീൽദാർ ക്വോറി ഉടമകളെ ഭീഷണിപ്പെടുത്തി റവന്യൂ മന്ത്രി പങ്കെടുക്കുന്ന പാർട്ടി സമ്മേളനത്തിനായി പണം പിരിച്ചെന്ന ആരോപണം പാർട്ടിയിൽ വൻ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
ജില്ലയിൽ മിൽമ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം നടന്ന ക്ഷീര വികസന വകുപ്പിൽ പാർട്ടിയെ മറച്ചു നേതാക്കൾ നിയമനം നടത്തിയെന്ന വിവാദവും ഉയർന്നിട്ടുണ്ട്. നിലവിലെ ജില്ലാ സെക്രട്ടറി ഏ.പി.ജയൻ മാറണമെന്ന ജില്ലയിലെ യുവനേതാക്കളുടെ ആവശ്യത്തിന് ജില്ലയിലെ തന്നെ വലിയൊരു വിഭാഗം നൽകിയ പിന്തുണക്കുള്ള തെളിവായി മാറി അവസാനം നടന്ന ജില്ലാ കമ്മിറ്റിയിലെ നാമമാത്ര പങ്കാളിത്തം. റവന്യൂ വകുപ്പിലെ പ്രധാന തസ്തികകളിലെ സ്ഥലംമാറ്റ നിയമനങ്ങൾക്ക് ലക്ഷങ്ങളുടെ ഇടപാടാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്നത് റവന്യൂ വകുപ്പ് ജീവനക്കാർക്കിടയിലെ മുഖ്യ ചർച്ചയാണ്.