കൊച്ചി : തിരഞ്ഞെടുപ്പ് സംബന്ധിച്ച് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ. സി.പി.ഐ യുടെ മണ്ഡലങ്ങളില്‍ സി.പി.ഐ യുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍. പറവൂരില്‍ സി.പി.എം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശകരമായിരുന്നുവെന്നും ഹരിപ്പാട് വോട്ടുചോര്‍ച്ചയുണ്ടായി സി.പി.ഐ കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം എം.എല്‍.എ മുകേഷ് സിനിമ താരത്തിന്റെ ഗ്ലാമര്‍ മാറ്റിവെച്ച് ജനകീയ എം.എല്‍.എയായില്ല എന്നും സി.പി.ഐ കുറ്റപ്പെടത്തുന്നു.
സി.പി.ഐ യെ താഴ്ത്തിക്കെട്ടിയ സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന് അതേ നാണയത്തിലാണ് സി.പി.ഐ മറുപടി നല്‍കുന്നത്. ഘടകക്ഷികളുെട ചില മണ്ഡലങ്ങളില്‍ സി.പി.എം പ്രാചരണത്തില്‍ വീഴ്ചവരുത്തി, സി.പി.എം മല്‍സരിച്ചിടത്ത് ഘടകക്ഷികളെ പ്രചാരണത്തില്‍ സഹകരിപ്പിച്ചില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്.
ഐ.എന്‍.എല്‍ മല്‍സരിച്ച കാസര്‍കോട് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സി.പി.എമ്മിന് നിര്‍ബന്ധമില്ലായിരുന്നുവെന്നാണ് വിമര്‍ശനം. തിരഞ്ഞെടുപ്പുകളില്‍ കൂട്ടായ ആലോചനകള്‍ സി.പി.എം നടത്തിയില്ല. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മല്‍സരിച്ച ഹരിപ്പാട് ഇടതുവോട്ടുകള്‍ ചേര്‍ന്നവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സി.പി.എമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെന്നതാണ് വോട്ടുമറിക്കല്‍ എന്നതിന് തെളിവായി കാട്ടുന്നത്.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ജയിച്ച പറവൂരില്‍ സി.പി.എം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്ന് സി.പി.ഐ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ജി.എസ് ജയലാല്‍ ജയിച്ച കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ഇടതുമുന്നണി വോട്ട് ബി.ജെ.പിയിലേക്ക് പോയെന്ന് സി.പി.എമ്മിനെ ലക്ഷ്യമിട്ടാണ് സി.പി.ഐ കുറ്റപ്പെടുത്തുന്നത്.
ഏറനാട്, വേങ്ങര, അങ്കമാലി മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഒരു ഏകോപനവുമുണ്ടായില്ല. തൃക്കരിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. സി.പി.എം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സി.പി.ഐയെ പ്രചാരണങ്ങളില്‍ കൂടെ കൂട്ടിയില്ലെന്നാണ് കുറ്റപ്പെടുത്തല്‍. ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ പത്തു ദിവസത്തെ പര്യടനം പോലും സി.പി.എം ഒറ്റക്കാണ് നടത്തിയത്. ജിനേഷ് കുമാര്‍ രണ്ടാമത് ജയിച്ച കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകക്ഷികളുമായി ആലോചിക്കാനോ നടപ്പിലാക്കാനോ സി.പി.എം തയാറായിരുന്നില്ല. പാലായില്‍ ജോസ് കെ.മാണിയുടെയും കടുത്തുരുത്തിലേയും കേരള കോണ്‍ഗ്രസ് മാണിയുടെയും സ്ഥാനാര്‍ഥികളുടെ പരാജയം വ്യക്തിപരമായിരുന്നുവെന്നാണ് സി.പി.ഐ കണ്ടെത്തല്‍.