കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുമുന്നണിയുടെ ചിത്രം തെളിയുമ്പോള്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയിലാണ് സി.പി.ഐ. 1982 മുതല്‍ കൈവശം വെച്ചിരുന്ന കാഞ്ഞിരപ്പള്ളി സീറ്റും കിട്ടിയില്ല, പകരം ആവശ്യപ്പെട്ട ചങ്ങനാശ്ശേരിയുമില്ല. രണ്ടുസീറ്റും കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കിയതോടെ സി.പി.ഐ സംവരണ മണ്ഡലമായ വൈക്കത്ത് മാത്രമായൊതുങ്ങി. ഇതോടെ ജില്ലയില്‍ സീറ്റുകളുടെ എണ്ണത്തില്‍ സി.പി.എം രണ്ടാം സ്ഥാനത്തായി.
ആകെയുള്ള ഒമ്പതുസീറ്റില്‍ ജോസ് വിഭാഗം അഞ്ചുസീറ്റിലും സി.പി.എം മൂന്നുസീറ്റിലും മത്സരിക്കാനാണ് ധാരണ ആയിട്ടുള്ളത്. ചങ്ങനാശ്ശേരി, പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളാണ് കേരള കോണ്‍ഗ്രസ്-എമ്മിന് വിട്ടുകൊടുത്തത്. ഇതില്‍ പൂഞ്ഞാറും ചങ്ങനാശ്ശേരിയും കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസും പാലാ എന്‍.സി.പിയും മത്സരിച്ച സീറ്റുകളാണ്.
ജനാധിപത്യ കേരള കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഇത്തവണ സീറ്റില്ല. പഴയ വാഴൂര്‍ മണ്ഡലമാണ് പുതിയ കാഞ്ഞിരപ്പള്ളിയായി മാറിയത്. പഴയ കാഞ്ഞിരപ്പള്ളിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോള്‍ പൂഞ്ഞാര്‍ മണ്ഡലത്തിലാണ്. 1982ലും ’87ലും കാനം രാജേന്ദ്രനാണ് വാഴൂര്‍ മണ്ഡലത്തില്‍ ജയിച്ചത്.
തുടര്‍ന്നിതുവരെ സി.പി.ഐതന്നെയാണ് ഈ സീറ്റ് കൈവശം വെച്ചിരുന്നത്. സീറ്റ് ചര്‍ച്ച ധാരണയിലെത്തിക്കാന്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാന്‍ മനസ്സില്ലാമനസ്സോടെ തയാറായെങ്കിലും പകരം ചങ്ങനാശ്ശേരി വേണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം. എന്നാല്‍, ഈ സീറ്റും കിട്ടിയില്ല. കേരള കോണ്‍ഗ്രസ്-എമ്മിെന സംബന്ധിച്ച് യു.ഡി.എഫിലായിരിക്കെ അവര്‍ മത്സരിച്ചിരുന്ന ആറു സീറ്റില്‍ അഞ്ചും എല്‍.ഡി.എഫില്‍ നിലനിര്‍ത്താനായി. ഏറ്റുമാനൂരിലും കേരള കോണ്‍ഗ്രസ്-എമ്മാണ് മത്സരിച്ചിരുന്നത്.
കോട്ടയത്ത് കെ. അനില്‍കുമാറിനെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. സിറ്റിങ് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. മുന്‍ ജില്ല പഞ്ചായത്ത് അംഗംകൂടിയായ അനില്‍കുമാര്‍ മീനച്ചിലാര്‍-മീനന്തറയാര്‍ നദീ പുനഃസംയോജനപദ്ധതിയുടെ കോഓഡിനേറ്ററാണ്.
ഏറ്റുമാനൂരില്‍ സിറ്റിങ് എം.എല്‍.എ കെ. സുരേഷ്കുറുപ്പിനെ ഒഴിവാക്കി സി.പി.എം ജില്ല സെക്രട്ടറി വി.എന്‍. വാസവന് അവസരം നല്കി. 2006ല്‍ കോട്ടയത്തുനിന്ന് വിജയിച്ച വാസവന് 2011ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് തോറ്റിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇത്തവണയും ജെയ്ക് സി. തോമസുതന്നെയാണ്. 2016ല്‍ 27,092 വോട്ടിനാണ് ജെയ്ക് തോറ്റത്. പാലായില്‍ ജോസ് കെ. മാണിതന്നെ മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ സിറ്റിങ് എം.എല്‍.എ എന്‍. ജയരാജും ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിളും പൂഞ്ഞാറില്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജനവിധി തേടും. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരെ സക്കറിയാസ് കുതിരവേലി, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.