തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ. കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ച ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കും. സി.പി.ഐയുടെ ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ചോദിക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസിന് പത്തു സീറ്റുകള്‍ നല്‍കാമെന്ന ധാരണയിലേക്ക് ഇടതുമുന്നണി എത്തുന്നു. നാളെ ചേരാനിരിക്കുന്ന മുന്നണി യോഗത്തിന് മുന്‍പായി സിപിഎം – കേരള കോണ്‍ഗ്രസ് നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. പാലാ സീറ്റിന് പുറമേ സിപിഐ മല്‍സരിക്കുന്ന കാഞ്ഞിരപ്പള്ളിയും സ്കറിയ തോമസ് മല്‍സരിച്ച കടുത്തുരുത്തിയും കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും.
ജനാധിപത്യ കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മല്‍സരിച്ച പൂഞ്ഞാറും ജോസ് കെ മാണിക്ക് നല്‍കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജും കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും മല്‍സരിക്കുമെന്നാണ് ജോസ് കെ മാണി സിപിഎം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. റോഷി അഗസ്റ്റിന്റെ സിറ്റിങ് സീറ്റായ ഇടുക്കിക്ക് പുറമേ പി.ജെ ജോസഫിന്റെ സിറ്റിങ് സീറ്റായ തൊടുപുഴുയും കേരള കോണ്‍ഗ്രസിനാണ്.