വാഗമണ്‍: വാഗമണ്ണില്‍ മയക്കുമരുന്ന് നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ റിസോര്‍ട്ട് ഉടമയായ ഷാജി കുറ്റിക്കാട്ടിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് സിപിഐ. പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ. ശിവരാമന് അറിയിച്ചു .
ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും ശിവരാമന് പറഞ്ഞു. അതേസമയം, തനിക്ക് നിശാപാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് ഷാജി പറയുന്നത്. ഏലപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്ന ഷാജി സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയാണ്. വാഗമണ്ണിലെ വട്ടപതാലില്‍ പ്രധാന റോഡില്‍ നിന്ന് ഏറെ ഉള്ളിലേക്ക് കയറി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് റെയ്ഡ് നടന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് ഇത്തരം ഒരു പാര്‍ട്ടി വാഗമണ്ണില്‍ സംഘടിപ്പിച്ചത്.
ഞായാറാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരവും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ 60 പേര് പിടിയിലായെന്നാണ് വിവരം. അറസ്റ്റിലായവരില്‍ 25 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.എല്‍എസ്ഡിയും ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തേത്തുടര്‍ന്നായിരുന്നു റെയ്ഡ്.