കൊച്ചി : പറവൂരിലെ സിപിഐഎം പ്രവർത്തകന്റെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. ബുധനാഴ്ചയാണ് പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻച്ചേരിൽ തമ്പിയെ (64) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐഎമ്മിലെ വിഭാഗീയതയുടെ ഇരയാണ് മരിച്ച അച്ചൻ ചേരിൽ തമ്പിയെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ലോക്കൽ സെക്രട്ടറിക്കും ഏരിയ കമ്മിറ്റി അംഗത്തിനും ആത്മഹത്യയിൽ പങ്കുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലാണ് തമ്പിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നാല് പേജുള്ള ആത്മഹത്യാ കുറിപ്പും പോലീസ് ലോഡ്ജിൽ നിന്നും കണ്ടെത്തിയിരുന്നു ഇതിന്റെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ബ്രാഞ്ച് അംഗത്തിന്റെ മരണത്തിൽ ആരോപണങ്ങൾ ശക്തമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. സംഭവവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സാമ്പത്തിക ഇടപാടുകളാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സിപിഐഎം വ്യക്തമാക്കി. തമ്പിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ പാർട്ടിയിൽ നിന്ന് പരാതി കിട്ടിയിരുന്നു. ഈ പരാതി ലോക്കൽ കമ്മിറ്റി പരിഗണിച്ചു. പണം തിരികെ നൽകണമെന്ന് പാർട്ടി തമ്പിക്ക് നിർദ്ദേശവും നൽകി. പണം സെപ്റ്റംബർ 25 ന് നൽകാമെന്ന് തമ്പി ഉറപ്പു നൽകിയിരുന്നു. പാർട്ടി ഒരു തരത്തിലുള്ള സമ്മർദവും തമ്പിക്ക് മേൽ ചെലുത്തിയിട്ടില്ലന്നും സിപിഐഎം പറഞ്ഞു.