മലപ്പുറം : നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനൊരുങ്ങി സിപിഐഎം. അന്‍വര്‍ വിശദീകരണ യോഗം നടത്തിയ നിലമ്പൂരിലെ ചന്തക്കുന്നില്‍ ഒക്ടോബര്‍ ഏഴിന് സിപിഐഎമ്മിന്റെ വിശദീകരണ യോഗം നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ യോഗം ഉദ്ഘാടനം ചെയ്യും. അന്‍വര്‍ നടത്തിയ വിശദീകരണ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നിരവധിപ്പേരാണ് പങ്കെടുത്തത്. രണ്ട് മണിക്കൂറിനടുത്ത് നടന്ന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി വിമര്‍ശനം അന്‍വര്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി കള്ളനാക്കിയപ്പോഴാണ് താന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയതെന്നും കേരള രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനായിരുന്നു പിണറായിയെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. ഒരിക്കലും പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും താന്‍ തള്ളി പറയില്ലെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്.
കേരളത്തിന്റെ പോലീസിലെ 25 ശതമാനം പൂര്‍ണമായി ക്രിമിനല്‍വത്കരിക്കപ്പെട്ടെന്നും പലരും അനുഭവസ്ഥരാണെന്നും അന്‍വര്‍ വ്യക്തമാക്കി. അതേസമയം തനിക്കെതിരെ അന്‍വര്‍ നിരന്തരം നടത്തുന്ന ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ അന്‍വര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടതിന് പിന്നാലെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നത്. സ്ത്രീകളോട് മോശമായി പെരുമാറി, കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ലക്ഷങ്ങള്‍ തട്ടി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പി വി അന്‍വര്‍ ഉന്നയിച്ചത്.