തിരുവനന്തപുരം : ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം. ശബരിമല വിഷയം കേരള സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ സിപിഐഎം അഭിമാനിയ്ക്കുന്നു എന്ന് മുഹമ്മദ് സലിം പറഞ്ഞു. ലിംഗത്തിന്റെ പേരിൽ വേർതിരിവ് പാടില്ല. ശബരിമല വിഷയത്തിലെ നിലപാട് സിപിഐഎം തിരുത്തിയിട്ടില്ല. വിഷയം പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ചാണ്. കേരള സിപിഐഎം ഘടകം വിജയകരമായി പ്രശ്നം കൈകാര്യം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. മേലെത്തട്ട് മുതല്‍ താഴേത്തട്ട് വരെ സിപിഐഎമ്മില്‍ ഒരേ നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.
വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ ഒന്നും വിശദീകരിക്കാനാകില്ല. വിധി വന്ന ശേഷം എല്ലാവരുടെയും അഭിപ്രായം ആരായുമെന്നും യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോള്‍ പ്രതികരിക്കുന്നത് അനുചിതമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.