കണ്ണൂർ : ഇരിട്ടിയിൽ ആദിവാസികളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിലെ പ്രതികളായ രണ്ട് സി.പി.എം പ്രവർത്തകർ കീഴടങ്ങി. വീർപ്പാട് സ്വദേശികളായ അനൂപ് കുമാർ, സുനീഷ് എന്നിവരാണ് കീഴടങ്ങിയത്. ഓഗസ്റ്റ് പത്തിനാണ് വീർപാട് സ്വദേശികളായ ബാബു, ശശി എന്നിവരെ തട്ടിക്കൊണ്ടുപോയത്.
കണ്ണൂർ ആറളത്ത് നിന്നാണ് ആദിവാസികളെ തട്ടിക്കൊണ്ടുപോയത്. ഇതിന് ശേഷം ഇവരെ മർദ്ദിച്ചെന്നും പരാതിയുണ്ടായിരുന്നു. പിന്നീട് അബോധാവസ്ഥയിൽ വഴിയിൽ കണ്ടെത്തിയ ശശിയെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിയാരത്ത് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ശശിയെ കാണാനില്ലെന്ന് വീട്ടുകാർ ആറളം പോലീസിൽ പരാതി നൽകിയിരുന്നു. ആറളം പഞ്ചായത്ത് പത്താം വാർഡ് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കോണ്‍ഗ്രസ് അനുഭാവികളായ ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് കോണ്‍ഗ്രസിന്‍റെ ആക്ഷേപം. ശശി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആരോപണം സി.പി.എം നിഷേധിച്ചിരുന്നുവെങ്കിലും ഈ കേസിലാണ് രണ്ട് പേർ കീഴടങ്ങിയിരിക്കുന്നത്.