തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ ആര്.എസ്.എസും സി.പി.എമ്മും തമ്മിലെ അന്തര്‍ധാര കൂടുതല്‍ വ്യക്തമായി വരുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം പലതവണ ആര്.എസ്.എസ് നേതൃത്വവുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വല്സന് തില്ലങ്കേരി ഉള്‍പ്പെടെ ആര്.എസ്.എസ് നേതാക്കളും പിണറായിയും കോടിയേരിയുമായി മുന്‍കാലങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചകളെല്ലാം കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന ആര്.എസ്.എസ്-സി.പി.എം ബന്ധത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. ആര്.എസ്.എസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട നിരവധി കേസുകള്‍ പിണറായി സര്‍ക്കാര്‍ എഴുതിത്തള്ളിയതിന് പിന്നിലും ഈ അന്തര്‍ധാര സുവ്യക്തമായി കാണാം. പിണറായി വിജയന് മുഖ്യമന്ത്രിയായതിന് ശേഷം ഭരണത്തിന്റെ എല്ലാ മേഖലകളിലും ആര്.എസ്.എസിന് വലിയ സ്വാധീനമാണുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് വ്യക്തമായി പങ്കുള്ള സ്വര്‍ണകള്ളക്കടത്ത് കേസ് ആവിയായിപ്പോയതും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ഡോളര്‍ കള്ളക്കടത്ത് കേസടക്കമുള്ളവയുടെ അന്വേഷണങ്ങള്‍ നിലച്ചതും ഈ അന്തര്‍ധാരയുടെ ഫലമായി തന്നെയായിരുന്നു. ആര്.എസ്.എസ് ബന്ധമുള്ള സ്ഥാപനങ്ങളും വ്യക്തികളും ഈ സര്‍ക്കാറില്‍ നിന്ന് അനര്‍ഹമായ പല ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ട്.
പരസ്പര സഹായ സഹകരണ സംഘം പോലെയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. യു.ഡി.എഫിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള ഗൂഢതന്ത്രമാണ് ഇവര്‍ പയറ്റുന്നത്. പിണറായി വിജയന് എക്കാലവും ആര്.എസ്.എസിന്റെ നല്ലപിള്ളയായിരുന്നെന്ന സത്യം അധിക കാലം ജനങ്ങളുടെ കണ്ണില്‍നിന്ന് മറച്ചുവെക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.