വൈക്കം : സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം, ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദിച്ച് വാരിയെല്ല് ഒടിച്ച സംഭവത്തിൽ പാർട്ടി ലോക്കൽ കമ്മിറ്റി നടത്തിയ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച ചേരുന്ന തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി ചർച്ചചെയ്യും. മറവൻതുരുത്ത് ചിറേക്കടവ് ബ്രാഞ്ച് കമ്മിറ്റിയംഗം ഇടവട്ടം എടാട്ട് എ.പി.സനീഷിനെ (46) മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയംഗം മറവൻതുരുത്ത് തെക്കുംതറ വീട്ടിൽ ആർ.രതീഷ് മർദിച്ച് വാരിയെല്ല് ഒടിച്ചുവെന്നാണ് പരാതി.
പോലീസിൽ പരാതി നൽകുന്നതിന് മുമ്പ് രതീഷിനെതിരേ മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയിൽ കഴിഞ്ഞ ഡിസംബർ അഞ്ചിന് സനീഷ് പരാതി നൽകിയിരുന്നു. ലോക്കൽ കമ്മിറ്റി പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. ഡിസംബർ 17-ന് സനീഷിൽനിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.