പത്തനംതിട്ട : പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് സി.പി.എം കടക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിലൊഴികെ മറ്റ് ജില്ലകളില്‍ എല്ലാം ഇന്ന് ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. കണ്ണൂരില്‍ ബ്രാഞ്ച് സമ്മേളനം നേരത്തേ തുടങ്ങി.
കോവിഡ് കാരണം ഒരു വര്‍ഷത്തോളം നീട്ടിവെച്ചശേഷമാണ് സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ ഇപ്പോള്‍ ആരംഭിക്കുന്നത്. സംസ്ഥാന സമ്മേളനം കൊച്ചിയിലാണ്. കണ്ണൂരില്‍ ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ആതിഥേയത്വം വഹിക്കേണ്ടതിനാലാണ് കണ്ണൂരില്‍ നേരത്തേ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത്.
ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ലോക്കല്‍ സമ്മേളനങ്ങളും നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഏരിയ സമ്മേളനങ്ങളും നടക്കും. ഡിസംബര്‍ 27, 28, 29 തീയതികളില്‍ അടൂരിലാണ് ജില്ല സമ്മേളനം. ലോക്കല്‍, എരിയ സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ നേരത്തേ നിശ്ചയിച്ചിട്ടുണ്ട്. ജില്ലയില്‍ പാര്‍ട്ടിക്ക് 1400ല്‍ അധികം ബ്രാഞ്ചു കമ്മിറ്റികളുണ്ട്. 100ഓളം ലോക്കല്‍ കമ്മിറ്റികളും 11ഏരിയ കമ്മിറ്റികളുമുണ്ട്. 20,000ത്തില്‍ അധികം പാര്‍ട്ടി മെംബര്‍മാരാണ് ഉളളത്.
കോവിഡ് പരോട്ടോക്കോള് അനുസരിച്ചാകും സമ്മേളനങ്ങളെല്ലാം നടക്കുക. ജില്ലയില്‍ ഇപ്പോള്‍ പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തീരെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ നേതാക്കള്‍ക്കിടയില്‍ പ്രാദേശികമായി ഭിന്നതകള്‍ നില നില്‍ക്കുന്നുമുണ്ട്. ചില ലോക്കല്‍, ഏരിയ കമ്മിറ്റികളിലും ഭിന്നതകളുണ്ട്. ജില്ല ആസ്ഥാനത്തെ ചില ബ്രാഞ്ചുകളിലും ലോക്കല്‍ കമ്മിറ്റികളിലും ഭിന്നത രൂക്ഷമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും സമ്മേളനങ്ങളില്‍ വിമര്‍ശനമായി ഉയര്‍ന്നുവരും. കമ്മിറ്റികളില്‍ 75 വയസ്സ് പ്രായപരിധി ആക്കിയതോടെ മുതിര്‍ന്ന നേതാക്കള്‍ ഒഴിവാകുകയും പകരം കൂടുതലായി യുവാക്കള്‍ കടന്നുവരുകയും ചെയ്യും. തുടര്‍ച്ചയായി രണ്ടാംതവണയും ജില്ല സെക്രട്ടറിയായി കെ.പി. ഉദയഭാനു തുടരുകയാണ്. ജില്ല നേതൃത്വത്തിലുള്ളവരിലും ഈ സമ്മേളനത്തില്‍ മാറ്റം ഉണ്ടാകും.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കര്‍ശന നിര്ദേശങള് അടങ്ങിയ മാര്‍ഗരേഖകളും കേന്ദ്ര കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വോട്ട് കാന്‍വാസ് ചെയ്യല്‍ അനുവദിക്കില്ല. ഓരോ ഘടകത്തിലുമുള്ള അംഗസംഖ്യ മാനദണ്ഡമാക്കിയാണ് മേല്‍ ഘടകങ്ങളിലെ സമ്മേളന പ്രതിനിധികളെ നിശ്ചയിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിയുടെ തെരഞ്ഞെടുപ്പില്‍ രഹസ്യബാലറ്റ് വെണ്ടെന്നും മത്സരമുണ്ടായാല്‍ കൈകള്‍ ഉയര്‍ത്തിയുള്ള രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.