തിരുവല്ല : വള്ളംകുളത്ത് സി.പി.എം പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയുടെ മുഖത്ത് മുളകുപൊടി വിതറി നാലംഗ സംഘത്തിന്‍റെ ആക്രമണം. നന്നൂര്‍ നൂഴവട്ടത്ത് സുമേഷി (42) നെയാണ് മുഖത്ത് മുളകുവെള്ളം സ്‌പ്രേ ചെയ്തശേഷം അടിച്ചുവീഴ്ത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.
എരുമേലി കണ്‍സ്യൂമര്‍ഫെഡിലെ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ കണ്ണാട്ട് ഭാഗത്തുവെച്ചായിരുന്നു ആക്രമണം. സുമേഷ് ഓടിച്ച ബൈക്കിന് മുകളിലേക്ക് ചാടിവീണ സംഘം കൈയില്‍ കരുതിയ മുളകുവെള്ളം ചീറ്റുകയായിരുന്നു.
ബൈക്കില്‍ നിന്നും താഴെവീണ തന്‍റെ കൈകാലുകളില്‍ ആയുധങ്ങള്‍കൊണ്ട് അടിച്ചതായും സുമേഷ് പറഞ്ഞു. ഇടതുകൈക്ക് പൊട്ടലും കാലിന് ചതവും കണ്ണുകള്‍ക്ക് പരിക്കുമേറ്റ സുമേഷ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അക്രമത്തിനുപിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു. ഇരവിപേരൂര്‍ പഞ്ചായത്തംഗം അനില്‍ ബാബുവും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
സുമേഷിന്‍റെ പിതാവ് എന്‍.എ. ശശിധരന്‍ പിള്ള പാര്‍ട്ടിയുടെ വള്ളംകുളം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇവിടെ പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തിരുന്നു.
ഇതൊഴിവാക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ഏരിയ കമ്മിറ്റി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സുമേഷിന്‍റെ സഹോദരന്‍ സുകേശ്, സഹോദരി ശ്രീജ എന്നിവരെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയിട്ടുണ്ട്. തിരുവല്ല പൊലീസ് കേസെടുത്തു.