പത്തനംതിട്ട : സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും സംരക്ഷണമൊരുക്കിയിട്ടും മുന്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി ശരണ്‍ ചന്ദ്രനെ കാപ്പ ചുമത്തി നാടുകടത്തിയതോടെ സി.പി.എം നേതാക്കള്‍ ക്രിമിനല്‍, മാഫിയ സംഘങ്ങളുടെ തടവറയിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കാപ്പ കേസില്‍ പ്രതിയായി നാടുകടത്തിയ സംഭവത്തെ ഗാന്ധിജിയുടെ ജയില്‍വാസവുമായി ഉപമിച്ച് പ്രസ്താവന നടത്തിയ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നടപടി അപക്വവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
ഒരു മുന്‍ ജനപ്രതിനിധി കൂടിയായ സി.പി.എം ജില്ലാ സെക്രട്ടറി ഇത്തരത്തില്‍ തരം താണ പ്രസ്താവന നടത്തിയത് കൊട്ടും കുരവയുമായി മന്ത്രിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ എത്തിച്ച ക്രിമിനല്‍ സംഘ തലവനായ ശരണ്‍ ചന്ദ്രനെ നാടുകടത്തിയതിന്‍റെ ജാള്യത മറക്കാനാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി അല്‍പ്പമെങ്കിലും മര്യാദ ഉണ്ടെങ്കില്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ജില്ലയിലെ ക്വാറി, മദ്യ, മയക്കുമരുന്ന് സംഘങ്ങളെ സി.പി.എം പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംരക്ഷിച്ചുകൊണ്ടിരുന്ന സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയുടെയും മന്ത്രിസഭാംഗത്തിന്‍റെയും പാത തന്നെയാണ് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയും തുടരുന്നതെന്നത് ലജ്ജാകരമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.