പത്തനംതിട്ട : കുന്നന്താനത്ത് സ്വകാര്യഭൂമിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി വഴിവെട്ടിയെന്ന് പരാതി. പാലക്കാത്തകിടി സ്വദേശി മോഹനന്റെ കൃഷിയിടത്തിലാണ് ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറിയത്. മോഹനന്റെ ഭാര്യയുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരെ കീഴ്‌വായ്പൂര് പോലീസ് കേസ് എടുത്തു.
തിരുവല്ല കുറ്റൂരില്‍ സി.പി.എം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വീട്ടുകാരെ ഉപദ്രവിച്ച് വഴിവെട്ടിയെന്ന പരാതി ഉയര്‍ന്ന് ദിവസങ്ങള്‍ക്കിപ്പുറമാണ് കുന്നന്താനത്ത് നിന്നും പരാതി ഉയരുന്നത്. കഴിഞ്ഞ ദിവസം വെളുപ്പിനെ മൂന്ന് മണിക്കാണ് മോഹനന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ റബര്‍തൈകള്‍ വെട്ടിമാറ്റി കല്‍ഭിത്തി പൊളിച്ച് ഒരു സംഘം ആളുകള്‍ റോഡ് ഉണ്ടാക്കിയത്. തടയാന്‍ ശ്രമിച്ച മോഹനന്റെ ഭാര്യ ശാന്തകുമാരിയെ സി.പി.എം പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.
റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് സി.പി.എം നീക്കമെന്നാണ് മോഹനന്റെയും കുടുംബത്തിന്റെ ആരോപണം. വര്‍ഷങ്ങള്‍ മുന്പ് വില കൊടുത്ത് വാങ്ങിയ ഭൂമിയാണെന്നും വഴി വെട്ടിയ പ്രദേശമടക്കമുള്ള സ്ഥലത്തെ ആധാരം കൈയ്യിലുണ്ടെന്നും മോഹനന്‍ പറയുന്നു. തെളിവുകളടക്കം കാണിച്ചിട്ടും പോലീസുകാരുടെ സാന്നിധ്യത്തില്‍ സി.പി.എം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്.വി സുബിന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ വര്‍ഷങ്ങളായി പ്രദേശത്തെ വീട്ടുകാര്‍ ആശ്രയിച്ചിരുന്ന വഴി നവീകരിക്കുകയാണ് ചെയ്തതെന്നാണ് പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം. ഗുണഭോക്താക്കളായ വീട്ടുകാരുടെയും സഹകരണത്തോടെയാണ് വഴിവെട്ടിയത്.