കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നേരിട്ടുള്ള കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ സി.പി.എം. തീരുമാനം. വർഗ ബഹുജന സംഘടനയായ പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്.)യെയാണ്, എസ്.എഫ്.ഐ.ക്കു പിന്നാലെ സമരരംഗത്തിറക്കുന്നത്. ’രാജ്ഭവൻ ദളിത് പീഡന കേന്ദ്ര’മാണെന്ന ഗുരുതര ആരോപണമുന്നയിച്ച് സമരരംഗത്തിറങ്ങാൻ, കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന കമ്മിറ്റി പി.കെ.എസ്.നേതൃത്വത്തിന് നിർദേശം നൽകി. ഗവർണറുടെ ഓഫീസിൽെവച്ച് മർദനമേറ്റശേഷം ആദിവാസി യുവാവ് വിജീഷ് മരിച്ച സംഭവം ഏറ്റെടുത്ത് സമരം ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്.
ഇതേത്തുടർന്ന് 17-ന് ആയിരങ്ങളെ അണിനിരത്തി രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്താൻ പി.കെ.എസ്. തീരുമാനിച്ചു. അടുത്തദിവസംതന്നെ സമരം നടത്തുന്നതിനാൽ, തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ ശ്രമം നടന്നുവരികയാണ്. രാജ്ഭവൻ മാർച്ച് മുതിർന്ന സി.പി.എം.നേതാവ് എ.കെ.ബാലനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതും രാഷ്ട്രീയ തീരുമാനമാണെന്നാണ് ലഭിക്കുന്ന വിവരം.