പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കുവാനുള്ള സർക്കാർ നീക്കം അട്ടിമറിക്കുവാൻ കോൺഗ്രസ് ശ്രമം നടത്തുന്നതായുള്ള സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ബാലിശവും അടിസ്ഥാന രഹിതവുമാന്നെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.
യു.ഡി.എഫ് സർക്കാരിന്റ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കോന്നിയുടെ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന അടൂർ പ്രകാശും മുൻകൈ എടുത്ത് ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്ത് ആരംഭിച്ച മെഡിക്കൽ കോളജിന്റെ പ്രധാനപ്പെട്ട ഓഫീസുകളുടെ ഉദ്ഘാടനം യു.ഡി.എഫ് ജനപ്രതിനിധികളുമായി ആലോചിക്കാതെ നടത്തുവാനും കോളജിന്റെ പിതൃത്വം ഏറ്റെടുക്കുവാനുമുള്ള സ്ഥലം എം.എൽ.എയുടേയും ഭരണകക്ഷിയുടേയും നീക്കത്തെയാണ് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, കോന്നിയിലെ മുൻ എം.എൻ എ കൂടിയായ അടൂർ പ്രകാശ് എം.പി എന്നിവർ അടക്കമുള്ള കോൺഗ്രസ്, യു.ഡി എഫ് നേതാക്കൾ ചോദ്യം ചെയ്തതെന്ന് സാമുവൽ കിഴക്കുപുറം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് സർക്കാരിന്റ സ്വപ്ന പദ്ധതിയായ കോന്നി മെഡിക്കൽ കോളജിന്റേതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുവാൻ എൽ.ഡി.എഫ് നേതാക്കളാണ് ശ്രമം നടത്തിയിട്ടുള്ളതെന്നും വികസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടുള്ള ചരിത്രം കോൺഗ്രസിനില്ലെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു. കോന്നി മെഡിക്കൽ കോളജിലേക്ക് നിയമാനുസൃതമായ നിയമനങ്ങൾ നടത്താതെ താല്കാലിക അടിസ്ഥാനത്തിൽ പിൻവാതിൽ നിയമനം നടത്തുന്നതിനെ ചോദ്യം ചെയ്യുന്നത് അതിന്റെ ഗുണഭോക്താക്കളായ സി.പി.എം നേതൃത്വത്തിന് അംഗീകരിക്കാൻ കഴിയാതിരിക്കുന്നത് സ്വാഭാവികമാണെന്നും ഇത് മറച്ചുവെയ്ക്കുവാനാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സർക്കാരും അടൂർ പ്രകാശും നേതൃത്വം നല്കി യഥാത്ഥ്യമാക്കിയ കോന്നി മെഡിക്കൽ കോളജും കോന്നിയിലെ വികസന പ്രവർത്തനങ്ങളും തങ്ങളുടേതാണെന്ന് വരുത്തിത്തീർക്കുവാനുള്ള സ്ഥലം എം.എൽ.എയുടെയും സി.പി.എം നേതാക്കളുടെയും തരംതാണ നടപടിക്ക് ജില്ലാ കളക്ടര്‍ കൂട്ടുനില്‍ക്കുകയാണ്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇത്ര തരം താഴരുതെന്നും യു.ഡി.എഫി.നെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഒതുക്കുവാന്‍ പി.ബി നൂഹ് ഇനിയും ശ്രമിച്ചാല്‍ ശക്തമായ സമരവുമായി നീങ്ങേണ്ടിവരുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവൽ കിഴക്കുപുറം മുന്നറിയിപ്പു നല്കി.